ഓയൂർ: ചെറിയ വെളിനല്ലൂർ പൂവണത്തുംമൂട് ജംഗ്ഷനിൽ പൊതുജനങ്ങൾക്ക് തണലായിരുന്ന വെയിറ്റിംഗ് ഷെഡ് കഴിഞ്ഞ രാത്രിയിൽ സാമൂഹികവിരുദ്ധർ തകർത്തു. ദിവസവും ഒട്ടേറെ വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാർ ആശ്രയിച്ചിരുന്ന വെയിറ്റിംഗ് ഷെഡാണ് വെട്ടിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്.
തുടർച്ചയായ ഭീഷണിയും റോഡ് പുറമ്പോക്ക് കൈയ്യേറ്റവും
വെയിറ്റിംഗ് ഷെഡിന് തൊട്ടുപിറകിൽ നിലം നികത്തി ഭൂമി കരയാക്കിയവർ, ഇത് തങ്ങളുടെ വസ്തുവിന് മുന്നിലാണെന്ന് ആരോപിച്ച് കഴിഞ്ഞ ഒരു വർഷത്തിലധികമായി ഇത് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും പിഴുതുമാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പി.ഡബ്ല്യു.ഡി. റോഡ് പുറമ്പോക്ക് കൈയേറി കൈവശം വച്ചിരിക്കുന്നവരാണ് ഈ അക്രമത്തിന് പിന്നിലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
കോടതി ഉത്തരവ് നിലനിൽക്കെ നിയമലംഘനം
ചെറിയ വെളിനല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആദിത്യ പരിസ്ഥിതിസംരക്ഷണ കൂട്ടായ്മ, നാട്ടുകാരുടെ സഹായത്തോടെയാണ് പൊതുജന ആവശ്യപ്രകാരം ഈ വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചത്. മുൻപ് ലഭിച്ച ഭീഷണികളുടെ പശ്ചാത്തലത്തിൽ കൂട്ടായ്മ കൊട്ടാരക്കര കോടതിയെ സമീപിക്കുകയും ഷെഡ് പൊളിക്കുന്നതിനെതിരെ നിരോധന ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് രാത്രിയുടെ മറവിൽ വെയിറ്റിംഗ് ഷെഡ് തകർത്തത്.
നടപടി വേണം
സംഭവവുമായി ബന്ധപ്പെട്ട് ആദിത്യ പരിസ്ഥിതിസംരക്ഷണ കൂട്ടായ്മയും നാട്ടുകാരും ചടയമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും, പ്രദേശത്ത് റോഡ് പുറമ്പോക്ക് കൈയേറി കൈവശം വച്ചിരിക്കുന്ന പി.ഡബ്ല്യു.ഡി ഭൂമി ഉടനടി തിരിച്ചുപിടിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |