ശ്രദ്ധിച്ചില്ലെങ്കിൽ ദുരന്തങ്ങൾ തുടർക്കഥയാവും
കൊല്ലം: ദേശീയപാത ആറുവരിയായി വികസിച്ചതോടെ 'അന്തം വിട്ട പ്രതി എന്തും ചെയ്യും' എന്ന പഴഞ്ചൊല്ലിനു സമാനമാണ് കാര്യങ്ങളുടെ പോക്ക്! ഏതു വരിയിലൂടെ പോവണം, എവിടെ നിന്ന് കയറണം, എങ്ങോട്ടു തിരിയണം എന്നൊന്നും അറിയാതെ തോന്നുംപടിയാണ് സഞ്ചാരം. മുമ്പുണ്ടായിരുന്ന ഇടുങ്ങിയ പാതയിൽ നിന്ന് വിശാലതയിലേക്ക് കടന്നപ്പോൾ ഹാലിളകിയ അവസ്ഥയിലാണ് ഡ്രൈവർമാർ.
ആറുവരി തുറന്നുകൊടുത്ത ഭാഗങ്ങളിൽ ഏതു നിമിഷവും വൻ അപകടങ്ങൾ സംഭവിക്കാനുള്ള സാദ്ധ്യതയേറെ.
ഈ വർഷം ഇതുവരെ 64 ജീവനുകളാണ് ദേശീയപാത 66ൽ മാത്രം പൊലിഞ്ഞത്. അതിവേഗ ഗതാഗതത്തിനിടെ തോന്നിയ ഇടത്തുനിന്ന് വാഹനങ്ങൾ പ്രധാനപാതയിലേക്ക് കയറുന്നതും മുന്നറിയിപ്പില്ലാത്ത യു-ടേണും വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാരുമൊക്കെയാണ് കാരണങ്ങൾ. കൊല്ലം ബൈപ്പാസിൽ. സർവ്വീസ് റോഡുകളിൽനിന്ന് ഉൾപ്പെടെ പ്രധാനപാതയിലേക്ക് വാഹനങ്ങൾ കയറുന്നത് നിയന്ത്രിതമായ രീതിയിലല്ല. അതിവേഗത്തിൽ എത്തുന്ന വാഹനങ്ങളുടെ മുന്നിലേക്ക് പെട്ടെന്ന് മറ്റൊരു വാഹനം കയറുമ്പോൾ കൂട്ടിയിടി ഉറപ്പ്. പാർക്ക് ചെയ്ത വാഹനങ്ങൾക്കിടയിൽനിന്നുള്ള പ്രവേശനം കാഴ്ചയും മറയ്ക്കും. കാൽനട യാത്രക്കാർ റോഡ് കുറുകെ കടക്കുന്നതും സമാനമായ ഭീഷണിയാണ്.
വേഗപരിധി വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പാലിക്കുന്നില്ല. വീതിയേറിയ പാത പരമാവധി വേഗത്തിൽ സഞ്ചരിക്കാനുള്ള അവസരമെന്ന നിലയിലാണ് ചിലർ കാണുന്നത്.
ആറുവരിയിൽ പാലിക്കേണ്ടത്
അനുവദിച്ച എൻട്രി പോയിന്റിലൂടെ മാത്രം പ്രവേശിക്കുക
പ്രവേശിക്കുന്നതിന് മുമ്പ് മിറർ നോക്കി പിന്നിൽനിന്ന് വരുന്ന വാഹനവുമായുള്ള ദൂരം ഉറപ്പാക്കുക
ഡോട്ടഡ് ലൈനിൽ അടയാളപ്പെടുത്തിയ പ്രത്യേക എൻട്രി ഭാഗത്തുകൂടി മാത്രം പ്രധാനപാതയിലേക്ക് കയറുക
ഹൈവേയിലേക്ക് പ്രവേശിച്ചശേഷം ഗതാഗതത്തിനനുസരിച്ച് വേഗം കൂട്ടുക
പ്രവേശനത്തിനും പുറത്തുകടക്കുന്നതിനും മുമ്പുള്ള മഞ്ഞവര ഭാഗങ്ങളിൽ വേഗം കുറച്ച് ശ്രദ്ധയോടെ സഞ്ചരിക്കുക
ഇടത് ലെയ്‌നിൽ വേഗം കുറഞ്ഞതും ഭാരമേറിയതുമായ വാഹനങ്ങളും മദ്ധ്യ ലെയ്‌നിൽ അനുവദിച്ച വേഗത്തിലുള്ള വാഹനങ്ങളും സഞ്ചരിക്കുക
ഓവർടേക്ക് ചെയ്തശേഷം വലത് ലെയ്‌നിൽനിന്ന് ഉടൻ മദ്ധ്യ ലെയ്‌നിലേക്ക് മാറുക
വേഗപരിധിയും ലെയ്ൻ നിയമങ്ങളും പാലിച്ച് മുന്നിലുള്ള വാഹനങ്ങൾക്കും റോഡിലെ സാഹചര്യങ്ങൾക്കും അനുസരിച്ച് വേഗം നിയന്ത്രിക്കുക
ആറുവരിയിൽ അരുതാത്തത്
തോന്നിയ ഇടത്തുനിന്ന് ഹൈവേയിലേക്ക് കയറരുത്
പിന്നിൽനിന്ന് വരുന്ന വാഹനത്തിന്റെ അകലം ഉറപ്പാക്കാതെ പെട്ടെന്ന് പ്രധാനപാതയിലേക്ക് പ്രവേശിക്കരുത്
പുറത്തേക്കുള്ള വഴിയിലൂടെ അകത്തേക്കോ അകത്തേക്കുള്ള വഴിയിലൂടെ പുറത്തേക്കോ പോകരുത്
എൻട്രി, എക്സിറ്റ് ഭാഗങ്ങളിലെ മഞ്ഞവര കടന്ന് അമിതവേഗത്തിൽ പോകരുത്
തോന്നിയ ഇടത്ത് യു-ടേൺ എടുക്കരുത്
കാൽനടയായി ആറുവരിപ്പാത കുറുകെ കടക്കരുത്
വേഗപരിധി അവഗണിച്ച് പരമാവധി വേഗത്തിൽ പായരുത്
നിരോധിച്ച വാഹനങ്ങൾ ആറുവരിപ്പാതയിലൂടെ സഞ്ചരിക്കരുത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |