കൊല്ലം: ആവേശകരമായ പോരാട്ടത്തിനൊടുവിൽ ജില്ലാ അത്‌ലറ്റിക് മീറ്റ് സമാപിച്ചപ്പോൾ, ചരിത്രം ആവർത്തിച്ച് അഞ്ചൽ സെന്റ് ജോൺസ് കോളേജ് ഓവറാൾ കിരീടം നിലനിറുത്തി. കഴിഞ്ഞ വർഷളിലെ ഒന്നാം സ്ഥാനം അതേ മികവോടെയാണ് ഇക്കുറിയും നിലനിറുത്തിയത്.
649.5 പോയിന്റുമായാണ് സെന്റ് ജോൺസ് കിരീടത്തിൽ മുത്തമിട്ടത്. 390 പോയിന്റുമായി കരിക്കോട് ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ് രണ്ടാമതും 301 പോയിന്റുമായി അഞ്ചൽ ഈസ്റ്റ് ഗവ. എച്ച്.എസ്.എസ് മൂന്നാമതുമെത്തി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന മീറ്റിൽ ഹീറ്റ്സ് ഉൾപ്പടെ 252 മത്സരങ്ങളിലായി 194 ഫൈനലുകൾ പൂർത്തിയായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 1700 ഓളം താരങ്ങൾ മാറ്റുരച്ചു.
പുരുഷ വിഭാഗത്തിൽ 317 പോയിന്റുമായി സെന്റ് ജോൺസ് ഒന്നാമതെത്തി. ടി.കെ.എം (230), ഗവ. എച്ച്.എസ്.എസ് അഞ്ചൽ ഈസ്റ്റ് (192) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ 332 പോയിന്റുമായി സെന്റ് ജോൺസ് ഒന്നാം സ്ഥാനത്തെത്തി. ടി.കെ.എം (160), ഗവ. എച്ച്.എസ്.എസ്. അഞ്ചൽ ഈസ്റ്റ് (109) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
163 താരങ്ങളാണ് സെന്റ് ജോൺസിനായി മത്സരിച്ചത്. മൂന്നാം ദിവസം ഇടവിട്ടെത്തിയ മഴ തടസം സൃഷ്ടിച്ചെങ്കിലും സമയക്രമം പാലിച്ചാണ് മീറ്റ് പൂർത്തിയാക്കിയത്. ഒക്ടോബർ മൂന്ന് മുതൽ ഇതേ സ്റ്റേഡിയത്തിൽ സംസ്ഥാന അത്‌ലറ്റിക് മത്സരങ്ങൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |