
ആലുവ: ദേശീയപാതയിൽ തായിക്കാട്ടുകര കമ്പനിപ്പടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയിലെ ചരക്കുകൾ അഗ്നിക്കിരയായി. എട്ട് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വീട്ടുപകരണങ്ങൾ കത്തിനശിച്ചു. ലോറിക്ക് കാര്യമായ നാശമില്ല. ലോറിയിൽ ഉണ്ടായിരുന്നവരും പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് നാല് മണിയോടെ മെട്രോ പില്ലർ നമ്പർ 109ന് മുമ്പിലായിരുന്നു സംഭവം. ആലുവ ഭാഗത്തേക്ക് പോയ ലോറിയുടെ പിന്നിൽ നിന്നും ശക്തമായ പുക വരുന്നത് കണ്ട് പിന്നിലുണ്ടായിരുന്ന കാർ യാത്രക്കാർ ലോറിയെ മറികടന്ന് ഡ്രൈവറെ അറിയിക്കുകയായിരുന്നു. ഉടൻ ലോറി നിർത്തി അന്യസംസ്ഥാനക്കാരായ ഡ്രൈവറും ക്ളീനറും പുറത്തിറങ്ങി. കണ്ടെയ്നറിന്റെ പിൻവാതിൽ തുറന്നപ്പോഴേക്കും തീയും പുകയുമായി. ആലുവയിൽ നിന്നും അഗ്നിശമന സേനയെത്തി. തീയണക്കൽ ദുഷ്കരമായതോടെ പറവൂർ, അങ്കമാലി എന്നിവിടങ്ങളിൽ നിന്നുകൂടി അഗ്നിശമന സേന യൂണിറ്റുകളെത്തി രണ്ട് മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്.
ചൂർണിക്കര മുട്ടത്ത് നിന്നും ബംഗളൂരുവിലേക്ക് പോയ അഗർവാൾ പാക്കേഴ്സ് ആൻഡ് മൂവേഴ്സിന്റെ കണ്ടെയ്നറിനാണ് തീപിടിച്ചത്. ഇരുചക്രവാഹനങ്ങൾക്ക് പുറമെ ടി.വി, ഫ്രിഡ്ജ്, ടി.വി, കിടക്കകൾ എന്നിവ ഉൾപ്പെടെ 12ഓളം കുടുംബങ്ങളുടെ വീട്ടുസാധനങ്ങൾ കണ്ടെയ്നറിൽ ഉണ്ടായിരുന്നു. കണ്ടെയ്നറിൽ ഉണ്ടായിരുന്ന ഇലക്ട്രോണിക് സാധനങ്ങളിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടായിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്.
ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകുമെങ്കിലും എന്തെല്ലാം സാധനങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായാൽ മാത്രമെ ഏകദേശ നഷ്ടം കണക്കാക്കാൻ കഴിയൂവെന്ന് ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു. ആലുവ ഫയർ സ്റ്റേഷൻ ഓഫീസർ ഡെൽവിൻ ഡേവിസിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |