കൊല്ലം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂൾ ജീവനക്കാരൻ എച്ചിൽ കൈകൊണ്ട് കരണത്തടിച്ചെന്ന പരാതിയിൽ 13 ദിവസത്തിന് ശേഷം പൊലീസ് കേസെടുത്തു. സി.പി.ഐ മാനേജ്മെന്റിന് കീഴിലുള്ള കുറ്റിക്കാട് സി.പി ഹയർ സെക്കൻഡറി സ്കൂളിലെ സ്വീപ്പർ രജീഷിനെതിരെയാണ് കടയ്ക്കൽ പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച 13കാരൻ ചൈൽഡ് വെൽഫെയർ ഓഫീസർക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കഴിഞ്ഞ 11നാണ് സംഭവം. ക്ലാസ് മുറിയുടെ ജന്നാല കാറ്റിൽ ശക്തമായി അടഞ്ഞത് വിദ്യാർത്ഥി വലിച്ചടച്ചതാണെന്ന് ആരോപിച്ച് രജീഷ് വിദ്യാർത്ഥിയുടെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് എച്ചിൽ കൈകൊണ്ട് കരണത്തടിച്ചെന്നാണ് പരാതി.
തുടർന്ന് വിദ്യാർത്ഥിയുടെ പിതാവ് മുഹമ്മദ് ഷാൻ പൊലീസിൽ പരാതി നൽകി. എന്നാൽ സ്റ്റേഷനിൽ നടന്ന ചർച്ചയിൽ സ്കൂൾ അധികൃതർ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്തില്ല. ജീവനക്കാരൻ ചൊവ്വാഴ്ച മുതൽ വീണ്ടും സ്കൂളിലെത്തിയതോടെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കി. വ്യാഴാഴ്ച സ്കൂൾ മാനേജ്മെന്റ് അംഗങ്ങളെയടക്കം പ്രതിഷേധക്കാർ തടഞ്ഞു.
തുടർന്ന് ചേർന്ന പി.ടി.എ യോഗത്തിലും രജീഷിനെതിരെ നടപടി സ്വീകരിക്കാൻ തീരുമാനമായില്ല. ഇതിന് പിന്നാലെയാണ് 13കാരൻ പൊലീസ് നിർദേശപ്രകാരം മൊഴി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |