കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണ ശ്രമം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് നിയമസഭ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് ബി.ബി.ഗോപകുമാർ എം.എൽ.എ പറഞ്ഞു.
കേവലം കരിങ്കൊടി ഉയർത്തുകയോ മുദ്രാവാക്യം വിളിക്കുകയോ മാത്രമായിരുന്നില്ല. അമിത് ഷായുടെ വാഹന വ്യൂഹനത്തിന് നേരെ ചാടി വീണ് ആക്രമിക്കാനാണ് ശ്രമം ഉണ്ടായത്. ഈ ഗുരുതരമായ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രാജിവയ്ക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രി എത്തുന്ന സ്ഥലമായിട്ടും ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ ആശ്രാമത്ത് സ്ഥലത്ത് വിന്യസിച്ചിരുന്നില്ല. ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസുകാർക്ക് ആക്രമണത്തിനുള്ള അവസരം ഒരുക്കിനൽകുകയായിരുന്നു. ഗുരുതരമായ ക്രിമിനൽ കുറ്റമാണ് സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
സംസ്ഥാന ആഭ്യന്തര മന്ത്രി എന്ന നിലയിൽ രമേശ് ചെന്നിത്തല വൻ പരാജയമാണെന്നാണ് അമിത് ഷായ്ക്ക് നേരേയുള്ള ആക്രമണ ശ്രമം വ്യക്തമാക്കുന്നത്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി രാജിവയ്ക്കുന്നതിനൊപ്പം ഗുരുതരമായ സുരക്ഷാ പ്രശ്നത്തിന് അവസരമൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ അച്ചടക്ക നടപടിയും സ്വീകരിക്കണമെന്നും ബി.ബി.ഗോപകുമാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |