SignIn
Kerala Kaumudi Online
Sunday, 27 September 2026 2.37 AM IST

കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പ് ലഭിച്ചാൽ: കൊല്ലം പോർട്ടിൽ തോട്ടണ്ടിയെത്തും

കൊല്ലം: കൊല്ലം പോർട്ടിന് കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പ് ലഭിച്ചാൽ ഒരാഴ്ചയ്ക്കകം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തുന്ന ടാൻസാനിയൻ തോട്ടണ്ടി കണ്ടെയ്നറുകൾ റോഡ് മാർഗം കൊല്ലം പോർട്ടിൽ എത്തിക്കും. കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പ് വൈകിയാൽ പഴയതുപോലെ തോട്ടണ്ടി തൂത്തുക്കുടിയിലേക്ക് പോകും.

ടാൻസാനിയയിൽ തോട്ടണ്ടി സീസൺ ആരംഭിക്കുകയാണ്. തോട്ടണ്ടി എജന്റുമാർ കേരളത്തിലെയും തമിഴ്നാട്, ആന്ധ്ര തുടങ്ങിയിടങ്ങളിലെയും കശുഅണ്ടി ഫാക്ടറികൾക്കായുള്ള തോട്ടണ്ടി തൂത്തുക്കുടി തുറമുഖത്താണ് എത്തിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾക്കായി കാഷ്യു കോർപ്പറേഷൻ, കാപ്പെക്സ് എന്നിവയ്ക്കായി കാഷ്യു ബോർഡ് മുഖേന ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിയും തൂത്തുക്കുടി തുറമുഖത്താണ് എത്തുന്നത്. കപ്പലിൽ കയറ്റുന്നതിന് മുമ്പും കടലിൽ വച്ചും കച്ചവടം ഉറപ്പിക്കുന്നതിന് പുറമേ തൂത്തുക്കുടി തുറമുഖത്ത് എത്തിച്ചും ഏജന്റുമാർ വ്യവസായികളുമായി ഇടപാട് ഉറപ്പിക്കാറുണ്ട്. കൊല്ലം പോർട്ടിന് കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പ് ലഭിച്ചാൽ വിഴിഞ്ഞത്ത് നിന്നും കൊല്ലം പോർട്ടിൽ എത്തിച്ച് നൽകുന്ന തരത്തിൽ ഇടപാട് ഉറപ്പിക്കാനാണ് ശ്രമം നടക്കുന്നത്. തൂത്തുക്കുടിയിലേക്ക് പോയാൽ ഫാക്ടറികളിലെത്താൻ രണ്ടാഴ്ചയെടുക്കും. അതിന് പുറമേ റോഡ് മാർഗം എത്തിക്കാനുള്ള ചെലവും കൂടുതലാകും.

കൊല്ലം പോർട്ട് വഴി കണ്ടെയ്നർ നീക്കത്തിന് തുറമുഖ വകുപ്പിനെ സമീപിച്ചിരിക്കുന്ന മെഡ്ലോഗ് എന്ന വിദേശ കമ്പനിയുടെ നേതൃത്വത്തിലാണ് തോട്ടണ്ടി കണ്ടെയ്നറുകൾ കൊല്ലത്ത് എത്തിക്കാൻ ശ്രമം നടത്തുന്നത്. ശ്രമം വിജയിച്ചാൽ കാഷ്യു ബോർഡിന്റെയും സ്വകാര്യ വ്യവസായികളുടെയും കശുഅണ്ടി ഇറക്കുമതി ചെലവിൽ കുറവുണ്ടാകും.

വൈകില്ലെന്ന് ബോർഡ്

കൊല്ലം പോർട്ടിന് ഈമാസം അവസാനത്തോടെ കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പ് ലഭിക്കാൻ ഈർജ്ജിതമായ ശ്രമങ്ങൾ നടക്കുകയാണെന്ന് കേരള മാരിടൈം ബോർഡ് അധികൃതർ പറഞ്ഞു. കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പ് ലഭിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്കുള്ള കാബിൻ, ക്ലിയറൻസ് നൽകുന്നതിനുള്ള കസ്റ്റംസിന്റെ ഓൺലൈൻ സംവിധാനമായ ഇലക്ട്രോണിക് ഡേറ്റ ഇന്റർചേഞ്ച് (ഇ.ഡി.ഐ) സംവിധാനം പ്രവർത്തിപ്പിക്കാൻ അതിവേഗ സുരക്ഷിത ഇന്റർനെറ്റ് സൗകര്യം, ചരക്കുകളുടെ ഭാരമളക്കാനുള്ള വേ ബ്രിഡ്ജ് എന്നിവയാണ് പ്രധാനമായും വേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL