കൊല്ലം: എട്ടുവർഷത്തോളം കൊല്ലം സിറ്റി പൊലീസിന്റെ നർക്കോട്ടിക് ഡിറ്റക്ഷൻ ഡോഗായി ലഹരിയുടെ മണം തേടിയ ഹണ്ടർ വിടവാങ്ങി. എട്ട് വർഷവും 10 മാസവുമായിരുന്നു പ്രായം. ഫൈബ്രോസാർകോമ എന്ന ക്യാൻസർ രോഗത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
2018ൽ തൃശൂർ കേരള പൊലീസ് അക്കാഡമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സ്കൂളിൽ പരിശീലനം പൂർത്തിയാക്കിയാണ് ഹണ്ടർ കൊല്ലത്തെത്തിയത്. ആദ്യദിനം തന്നെ ഇരവിപുരത്തെ കഞ്ചാവ് കേസിൽ പൊലീസിന് നിർണായ തെളിവ് മണത്തെടുത്തു. തുടർന്ന് കഞ്ചാവ്, നിരോധിത പുകയില ഉത്പന്നങ്ങൾ, ഹെറോയിൻ തുടങ്ങിയവ കണ്ടെത്തുന്നതിൽ ഉൾപ്പടെ നിർണായകമായ 30 ഓളം ഡിറ്റക്ഷനുകളിൽ പൊലീസിന് തുമ്പുണ്ടാക്കി നൽകി. ഒടുവിൽ 2025ൽ ചാത്തന്നൂരിലെ ലഹരി കേസിലും പൊലീസിന് സഹായിയായി. 2023ൽ സംസ്ഥാന പൊലീസ് മേധാവിയുടെ കെ9 മെഡലും ലഭിച്ചു.
വിനോദ് കുമാറും നിതിൻ രാജുമായിരുന്നു ഹാൻഡ്ലർമാർ. കൊല്ലം സിറ്റി ഡോഗ് സ്ക്വാഡിലെ ക്യാമ്പ് ഫോളോവർ തസ്തികയിലെ താത്കാലിക ജീവനക്കാരി ക്രിസ്റ്റിയും ഹണ്ടറിന്റെ വിയോഗത്തിൽ വിതുമ്പി. ഹണ്ടറിനൊപ്പം ഉണ്ടായിരുന്നവരെല്ലാം കണ്ണീരോടെയാണ് അവനെ യാത്രയാക്കിയത്. അന്തിമോപചാര ചടങ്ങിൽ ഡി.സി.ആർ.ബി എ.സി.പി എസ്.സുരേഷ്, ഡി.സി.ബി എ.സി.പി രാജേഷ് കുമാർ, കെ.എ.പി 3 അസിസ്റ്റന്റ് കമാൻഡന്റ് കെ.വിനോദ്, ഡി.എച്ച്.ക്യു സി.ഐ ജയചന്ദ്രൻ പിള്ള, കെ9 ആൻഡ് മൗണ്ടഡ് പൊലീസ് വെറ്ററിനറി സർജൻ ഡോ. ബിനോദ് തുടങ്ങിയവർ പങ്കെടുത്തു.
ക്യാൻസർ തിരിച്ചറിഞ്ഞത് ബയോപ്സിയിലൂടെ
മൂന്നുമാസം മുമ്പ് ദിവസവുമുള്ള ഗ്രൂമിംഗിനിടെയാണ് വായ്ക്കുള്ളിലെ ചെറിയ തടിപ്പ് ഹാൻഡ്ലർമാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജില്ലാ വെറ്ററിനറി ആശുപത്രിയിൽ ചികിത്സ തേടി. ബയോപ്സി പരിശോധനയിൽ ഫൈബ്രോസാർകോമ സ്ഥിരീകരിച്ചു. തുടർചികിത്സയ്ക്കായി മണ്ണൂത്തി വെറ്ററിനറി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും. തടിപ്പ് മുഴകളായി മാറി വേഗത്തിൽ വളർന്നതോടെ പ്രതീക്ഷ നഷ്ടപ്പെട്ടു. പിന്നാലെ സേനയിൽ നിന്ന് വിരമിച്ച നായകൾക്കുള്ള തൃശൂരിലെ വിശ്രാന്തി കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വേർപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |