
കൊട്ടാരക്കര: രാവിലെ ചായ കുടിച്ച് പത്രം വായിച്ചശേഷം അൽപ്പം പഴങ്കഞ്ഞിയും കഴിച്ച് തൂമ്പായെടുത്ത് കൃഷിയിടത്തിലേയ്ക്ക് ഇറങ്ങുമ്പോൾ തൃക്കണ്ണമംഗൽ കോളറാക്കോണം നെയ്ച്ചിറ ചരുവിള പുത്തൻവീട്ടിൽ പി.ലൂക്കോസ് തന്റെ 102 എന്ന പ്രായം മറക്കും.
ഉച്ചയോളം വെയിൽ വകവയ്ക്കാതെ വെട്ടിയും കിളച്ചും നിലം ഒരുക്കിയും കൃഷിപ്പണികളിൽ മുഴുകും.
ഉച്ചയ്ക്ക് വീട്ടിലെത്തി ഊണിന് ശേഷം അൽപ്പം വിശ്രമം. മൂന്നുമണിയോടെ വീണ്ടും കൃഷിയിടത്തിലേക്ക്. അവിടെ വാഴയും മരച്ചീനിയും മറ്റ് പച്ചക്കറികളും സ്നേഹിച്ച് ലാളിച്ച് പരിചരിക്കും. സന്ധ്യയോടെ വീട്ടിൽ മടങ്ങിയെത്തും. ഈ യാത്രയ്ക്കിടയിൽ പ്രായം കടന്നുപോയതൊന്നും ലൂക്കോസേട്ടനെ ബാധിച്ചിട്ടില്ല. പരസഹായം ഇല്ലാതെയാണ് ഇപ്പോഴും കൃഷിപ്പണികളിലേർപ്പെട്ടിരിക്കുന്നത്.
സന്ധ്യയാകുന്നതോടെ രണ്ട് കിലോമീറ്റർ ദൂരം നടന്ന് പ്ളാപ്പള്ളി ചാങ്ങയിൽ ജംഗ്ഷനിലെ സുഹൃത്തിന്റെ ചായക്കടയിലെത്തി ചായ കുടിച്ച് മടങ്ങും. ഈ ദിനചര്യ കഴിഞ്ഞ എൺപത്തഞ്ച് വർഷമായി ലൂക്കോസ് തുടരുന്നു. ഇക്കാലമത്രയും ഒരസുഖത്തിനും മരുന്ന് കഴിച്ചിട്ടില്ല. അത്രയ്ക്ക് ഫിറ്റാണ് നാട്ടുകാരുടെ സ്വന്തം ലൂക്കോസേട്ടൻ.
അഞ്ചുവർഷം മുമ്പ് 93 -ാം വയസിലാണ് ഭാര്യ ഏലിയ മരിച്ചത്. അതുവരെ അത്യാവശ്യം സഹായിയായി ഒപ്പമുണ്ടായിരുന്നു. എട്ട് മക്കളാണുള്ളത്. ആറുപേർ മരിച്ചു. ഇളയ മകനായ ഫിലിപ്പിനൊപ്പമാണ് ഇപ്പോൾ താമസം.
പലകുറി കൃഷിവകുപ്പ് കർഷക ശ്രീ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ സ്വാശ്രയ കർഷക വിപണിയും മറ്റ് സന്നദ്ധ സംഘടനകളും ലൂക്കോസേട്ടനെ ആദരിച്ചിട്ടുണ്ട്. ലോക വയോജനദിനമായ ഇന്ന് തൃക്കണ്ണമംഗൽ ജനകീയ വേദിയും വൈകിട്ട് ലൂക്കോസേട്ടനെ ആദരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |