കൊല്ലം: ജില്ലയിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ 234 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 130 എണ്ണം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 12 കേസുകൾ സ്ഥിരീകരിച്ചു. 29ന് 17 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 10 എണ്ണം സ്ഥിരീകരിച്ചിരുന്നു.
ഇതേ കാലയളവിൽ 35 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചു.
ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യാത്ത പ്രദേശങ്ങൾ ജില്ലയിൽ കുറവാണ്. ഇന്നലെ ചിതറ, അയത്തിൽ, കൊറ്റങ്കര, മുണ്ടയ്ക്കൽ, നീണ്ടകര, തൃക്കടവൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഓരോ കേസുകൾ വീതം സ്ഥിരീകരിച്ചു. ശക്തിക്കുളങ്ങരയിൽ മാത്രം അഞ്ചുപേർക്ക് രോഗബാധയുണ്ട്. കഴിഞ്ഞ ദിവസം ആദിച്ചനല്ലൂർ സ്വദേശിക്ക് എലിപ്പനിയും സ്ഥിരീകരിച്ചിരുന്നു. ഇവിടങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം ഇതിലും കൂടുതലാണെന്നാണ് ആരോഗ്യരംഗത്തുള്ളവർ പറയുന്നത്.
ഉടൻ ചികിത്സ തേടണം
നേരത്തെ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ വീണ്ടും രോഗബാധയ്ക്ക് സാദ്ധ്യത
വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങൾ കണ്ടെത്തി ഒഴിവാക്കണം
കൊതുക് പ്രജനനകേന്ദ്രങ്ങൾ നശിപ്പിക്കണം
ശുചീകരണവും ഉറവിടനശീകരണവും വീടുകളിൽ തുടങ്ങണം
രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |