കൊല്ലം: കരുനാഗപ്പള്ളിയിൽ ആയുർവേദ ചികിത്സയ്ക്കെത്തിയ ഛത്തീസ്ഗഡ് മുൻ മന്ത്രിയും നിലവിൽ എം.എൽ.എയുമായ കവാസി ലഖ്‌മയുടെ സുരക്ഷയ്ക്ക് അഞ്ച് സർക്കാർ ആശുപത്രികളുടെ പ്രവർത്തനം താറുമാറാക്കി മെഡിക്കൽ ടീമിനെ നിയോഗിച്ച് ജില്ലാ മെഡിക്കൽ ഓഫീസ്.
ഡോക്ടർ, നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ഡ്രൈവർ, ആംബുലൻസ് എന്നിവ സഹിതമുള്ള മെഡിക്കൽ ടീമിനെയാണ് കഴിഞ്ഞമാസം 30 മുതൽ ഈമാസം 7 വരെ നിയോഗിച്ചിരിക്കുന്നത്. വള്ളിക്കാവ്, കെ.എസ് പുരം, ഓച്ചിറ, അഴീക്കൽ, ആലപ്പാട് എന്നീ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള ഡോക്ടർമാരെയും നഴ്സുമാരെയുമാണ് ഷിഫ്ട് അടിസ്ഥാനത്തിൽ നിയോഗിച്ചാണ് കരുനാഗപ്പള്ളി പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസിൽ തങ്ങുന്ന കവാസി ലഖ്‌മയുടെ സുരക്ഷയ്ക്ക് 24 മണിക്കൂർ മെഡിക്കൽ സുരക്ഷ ഒരുക്കിയിരിക്കുന്നത്.
കവാസി ലഖ്‌മ തിരുവനന്തപുരത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് 30ന് വന്നപ്പോൾ ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം മുതൽ ഡോക്ടർ, നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ് എന്നിവരെ മരുന്നുകൾ സഹിതം ഐ.സി.യു ആംബുലൻസിൽ എസ്കോർട്ടിന് നിയോഗിച്ചിരുന്നു. 7ന് കവാസി മടങ്ങുമ്പോഴും ജില്ലാ ആശുപത്രിയിൽ നിന്നുള്ള സംഘം എസ്കോർട്ട് പോകണമെന്ന് നിർദേശമുണ്ട്. സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശ പ്രകാരമാണ് എസ്കോർട്ടിനും ആശുപത്രിയിലും മെഡിക്കൽ സംഘത്തെ നിയോഗിച്ചതെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസിന്റെ വിശദീകരണം.
കവാസി ലഖ്‌മയ്ക്ക് നക്സൽ ഭീഷണിയുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. മദ്യ കുംഭകോണ കേസിൽ കവാസി ലഖ്‌മയെ കഴിഞ്ഞവർഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |