SignIn
Kerala Kaumudi Online
Monday, 12 October 2026 5.51 AM IST

ഹണ്ടറിന് പകരക്കാരനില്ല, സിറ്റി പൊലീസ് ടെൻഷനിൽ

y

'കെ 9 ഹണ്ടർ' ലഹരി വേട്ടക്കാരൻ പൊലീസ് നായ

കൊല്ലം: ലഹരിമരുന്ന് വേട്ടയിൽ സി​റ്റി​ പൊലീസി​നെ മുന്നി​ൽ നി​ന്നു നയി​ച്ച നായ 'കെ 9 ഹണ്ടർ' മൺമറഞ്ഞതോടെ നാർക്കോട്ടിക് ഡിറ്റക്ഷൻ വിഭാഗത്തിൽ സിറ്റി പൊലീസിന് നായയില്ലാത്ത അവസ്ഥ. ഹണ്ടറിന് എട്ടുവയസ് പൂർത്തിയായപ്പോൾത്തന്നെ ചട്ടപ്രകാരം പകരക്കാരനെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നായയെ പാർപ്പിക്കാനുള്ള മാനദണ്ഡപ്രകാരമുള്ള കൂടില്ലാത്തതിനാൽ ആവശ്യം നിഷേധിക്കപ്പെട്ടു. ഹണ്ടറിന്റെ മരണത്തോടെ പുതിയ നായയെ തിരഞ്ഞെടുത്ത് പരിശീലനം പൂർത്തിയാക്കി ഡ്യൂട്ടിയിലെത്തിക്കാൻ ഇനിയും മാസങ്ങളെടുക്കും.

സർക്കാരിന്റെ അനുമതിയോടെ ഡോക്ടർ ഉൾപ്പെടുന്ന പ്രത്യേക ബോർഡാണ് പുതിയ നായയെ തിരഞ്ഞെടുക്കുന്നത്. തൃശൂർ പൊലീസ് അക്കാദമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സ്കൂളിലാണ് പരിശീലനം. നായയ്ക്കൊപ്പം പ്രവർത്തിക്കേണ്ട ഹാൻഡ്ലർമാരെയും അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. തുടർന്ന് നായയ്ക്കും ഹാൻഡ്ലർമാർക്കും ഏകദേശം 10 മാസത്തെ പരിശീലനം നൽകും. പരിശീലനം പൂർത്തിയായ ശേഷമേ തൂഫാൻ ഉൾപ്പെടെയുള്ള ലഹരിവിരുദ്ധ പരിശോധനകളിൽ പുതിയ നായയെ കൊല്ലത്ത് നാർക്കോട്ടിക് ഡിറ്റക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കാനാകൂ.

നിലവിലുള്ള മറ്റ് നായ്ക്കൾ

 കെ 9 പെന്നി: 6 വയസ് കഴിഞ്ഞു, ഇന്ത്യൻ ഇനത്തിൽപ്പെട്ട എക്സ്‌പ്ളൊസീവ് ഡിറ്റക്ഷൻ നായ

 കെ 9 വൈറ്റി: 6 വയസ് കഴിഞ്ഞു, ഡി.ഡി.ആർ ഇനത്തിൽപ്പെട്ട ക്രൈം സീൻ ട്രാക്കർ

 കെ 9 റൂണി: 5 വയസ് കഴിഞ്ഞു, ബെൽജിയൻ മലിനോയിസ് വിഭാഗത്തിൽപ്പെട്ട എക്സ്‌പ്ളൊസീവ് ഡിറ്റക്ഷൻ നായ

 കെ 9 ഓസ്കാർ: 3 വയസ്, ജർമൻ ഷെപ്പേർഡ് വിഭാഗത്തിൽപ്പെട്ട ക്രൈം സീൻ ട്രാക്കർ

പരമാവധി 12 വയസ്

പൊലീസ് നായ്ക്കൾക്ക് സാധാരണ 9 വയസുവരെയാണ് ഡ്യൂട്ടി. മെഡിക്കൽ ബോർഡിന്റെ അനുമതിയോടെ സേവനം ഒരുവർഷം വരെ നീട്ടാം. പരമാവധി 12 വയസുവരെ തുടരാം. പുതിയ നായയ്ക്ക് 10 മാസത്തെ പരിശീലനം നിർബന്ധം.

പുതിയ കൂട് വേണം

ഹണ്ടറിന്റെ മരണത്തോടെ പുതിയ നാർക്കോട്ടിക് ഡിറ്റക്ഷൻ നായയെ അനുവദിക്കുന്നതിന് തടസമില്ല. എന്നാൽ ഭാവിയിൽ സമാന സാഹചര്യമുണ്ടാകുമ്പോൾ കൂടില്ലാത്ത അവസ്ഥയുണ്ടായും. അതിനാൽ പുതിയ നായയെ അനുവദിക്കുന്നതിൽ വീണ്ടും കാലതാമസമുണ്ടാകാം. നിലവിലെ അഞ്ച് നായ്ക്കൾക്കുള്ള കൂടാണുള്ളത്. മൃഗസംരക്ഷണ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ കൂടിന്റെ നിർമ്മാണം സാമ്പത്തിക പരാധീനതകളാൽ നീളുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL