കൊല്ലം: കുട്ടികൾ നേരിടുന്ന അതിക്രമങ്ങളും മാനസിക സംഘർഷങ്ങളും കണ്ടെത്തി ഇടപെടേണ്ട ഗ്രാമതല ശിശുസംരക്ഷണ സമിതികൾ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും നിർജ്ജീവം. പല പഞ്ചായത്തുകളിലും സമിതി രൂപീകരിച്ചിട്ടുമില്ല. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിക്കുന്നതിനിടെയാണ് ഈ അനാസ്ഥ.
ആദ്യഘട്ടത്തിൽ ചില തദ്ദേശ സ്ഥാപനങ്ങൾ സമിതികൾ രൂപീകരിക്കാൻ ഉത്സാഹം കാട്ടിയെങ്കിലും ഇപ്പോൾ യോഗങ്ങൾ പോലും ചേരുന്നില്ല. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, ദുരിത സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളെ കണ്ടെത്തി പിന്തുണ ഉറപ്പാക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും കളക്ടർ കോ-ചെയർമാനുമായ ജില്ലാ ശിശുസംരക്ഷണ സമിതിക്കാണ് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സമിതികളുടെ മേൽനോട്ട ചുമതല.
എല്ലാം ബാലാവകാശ കമ്മിഷനിലേക്ക്
ഗ്രാമതലത്തിൽ കണ്ടെത്തി പരിഹരിക്കേണ്ട പ്രശ്നങ്ങൾ പോലും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനിലേക്ക് എത്തുകയാണെന്ന് നേരത്തെ ചെയർമാൻ പോലും വിമർശിച്ചിരുന്നു. തദ്ദേശതല സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചാൽ പ്രാഥമിക ഘട്ടത്തിൽ തന്നെ പരിഹരിക്കാനാവും. അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽവാസികൾ എന്നിവരിൽ നിന്നുതന്നെ കുട്ടികൾക്ക് ലൈംഗികാതിക്രമം നേരിടേണ്ടിവരുന്ന സംഭവങ്ങൾ ഏറെയാണ്. തദ്ദേശതല ശിശുസംരക്ഷണ സമിതികൾ സജീവമാക്കിയാൽ വിഷയങ്ങൾക്ക് തുടക്കത്തിലേ തടയിടാനാവും.
തദ്ദേശ സ്ഥാപനങ്ങളോട് ഗ്രാമതല ശിശുസംരക്ഷണ സമിതികൾ സജീവമാക്കാൻ നിരന്തരം നിർദേശിക്കുന്നുണ്ട്. പല സ്ഥാപനങ്ങളും താത്പര്യം കാണിക്കുന്നില്ല. സർക്കാർ തലത്തിൽ ഇടപെടൽ വേണം
അഡ്വ. എസ്.ആർ.അരുൺ ബാബു,
വൈസ് പ്രസിഡന്റ്, കൊല്ലം ജില്ലാ പഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |