SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

ഫാർമസിസ്റ്റ് ക്ഷാമം രൂക്ഷം: സർക്കാർ ആശുപത്രികളിൽ മരുന്ന് ക്യൂ നീളുന്നു

പി.എസ്.സി ലിസ്റ്റിൽ

153 പേർ

ജോലി കിട്ടിയത്

18 പേർക്ക്

കൊല്ലം: സർക്കാർ ആശുപത്രികളിലെ ഫാർമസികൾക്കു മുന്നിൽ ക്യൂവിന്റെ നീളം ദിനംപ്രതി കൂടിയിട്ടും ഫാർമസിസ്റ്റ് നിയമനം ഇഴയുന്നു. ജില്ലയിൽ പി.എസ്.സി റാങ്ക് പട്ടികയിലുള്ള 153 പേരിൽ ഒരു വർഷത്തിനിടെ നിയമനം ലഭിച്ചത് 18 പേർക്ക് മാത്രം. സ്ഥാനക്കയറ്റ നടപടികൾ വൈകുന്നതും പുതിയ തസ്തികകൾ സൃഷ്ടിക്കാത്തതുമാണ് പ്രതിസന്ധിയാകുന്നത്.

പ്രതിദിനം 400 മുതൽ 800 വരെ രോഗികളെത്തുന്ന സി.എച്ച്.സികളിലും 1000 മുതൽ 1500 വരെ രോഗികളെത്തുന്ന താലൂക്ക് ആശുപത്രികളിലും ശരാശരി മൂന്ന് ഫാർമസിസ്റ്റുകളെങ്കിലും വേണ്ടിടത്ത് പലേടത്തും ഒരാൾ മാത്രമാണുള്ളത്. 90 ശതമാനം ആശുപത്രികളിലും തുച്ഛമായ വേതനത്തിൽ താത്കാലികക്കാരാണ് മരുന്ന് വിതരണം നടത്തുന്നത്. 4000ത്തിലധികം രോഗികളെത്തുന്ന ജില്ലാ ആശുപത്രിയിലും സ്ഥിതി സമാനമാണ്.

പ്രൊമോഷൻ നടപടികൾ ഇഴയുന്നതാണ് പുതിയ നിയമനങ്ങളെ ബാധിക്കുന്നു. ഈ മാസം 7ന് സൂപ്രണ്ട് സ്ഥാനക്കയറ്റ ഉത്തരവ് ഇറങ്ങിയതോടെ സ്റ്റോർ കീപ്പർ, ഫാർമസിസ്റ്റ് ഗ്രേഡ്-1 സ്ഥാനക്കയറ്റങ്ങളും ഘട്ടംഘട്ടമായി നടക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ ജില്ലയിൽ പുതുതായി വരുന്ന ഗ്രേഡ്-2 ഒഴിവുകളിൽ നിയമനമുണ്ടാകും.

പഴയ സ്റ്റാഫ് പാറ്റേൺ

പകർച്ചവ്യാധികൾ കാരണം രോഗികളുടെ തിരക്കേറുന്നതോടെ നിലവിലുള്ള ഫാർമസിസ്റ്റുകൾക്ക് ജോലിഭാരം കൂടുന്നു. പുതിയ തസ്തികകൾ സൃഷ്ടിച്ച് ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. എന്നാൽ സർക്കാർ ഇപ്പോഴും പിന്തുടരുന്നത് 1961ലെ സ്റ്റാഫ് പാറ്റേണാണ്. ഇതുപ്രകാരം ആദ്യത്തെ 300 ഒ.പി. രോഗികൾക്ക് ഒരു ഫാർമസിസ്റ്റും തുടർന്നുള്ള ഓരോ 200 രോഗികൾക്കും അധികമായി ഒരാളും വേണം. 75 കിടപ്പുരോഗികൾക്ക് ഒരു ഫാർമസിസ്റ്റ് എന്നതാണ് മാനദണ്ഡം. മെഡി. ആശുപത്രി മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരെ ഈ അനുപാതം പോലും പാലിക്കപ്പെടുന്നില്ല.

മരുന്നു വിതരണം പ്രതിസന്ധിയിൽ

ദിവസേന സി.എച്ച്.സികളിൽ 300ൽ ധികവും താലൂക്ക് ആശുപത്രികളിൽ 500ൽ അധികവും മരുന്നുകൾ കൈകാര്യം ചെയ്യണം. 2013ൽ ജനറിക് മരുന്ന് പദ്ധതി ആരംഭിച്ചതോടെ ജോലിഭാരവും ഇരട്ടിയായി. 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ ആശുപത്രികളിൽ മരുന്നുവിതരണം ഉൾപ്പെടെയുള്ള ചുമതലകൾ പൂർത്തിയാക്കാൻ ഫാർമസിസ്റ്റുകൾ നെട്ടോട്ടമോടുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL