കൊല്ലം: അച്ഛൻ മകനെ കുത്തിപ്പരിക്കേൽപ്പിച്ച വാർത്ത കൊട്ടാരക്കര ഇഞ്ചക്കാട് ഗ്രാമത്തിന് ഞെട്ടലായി. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ഇഞ്ചക്കാട് ഋതുപർണികയിൽ അശ്വിൻ.ആർ.പിള്ളയെ (17) പിതാവ് രാജേഷ്.ആർ.പിള്ള മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചത്. വാർത്ത പരന്നതോടെ നിമിഷനേരംകൊണ്ടാണ് വീട്ടിലേക്ക് നാട്ടുകാർ ഓടിയെത്തിയത്. നിലവിളികേട്ട് അയൽക്കാരും ഗ്രാമപഞ്ചായത്തംഗവുമെത്തിയപ്പോൾ കുത്തേറ്റ് ചോരയിൽ കുളിച്ച് അശ്വിൻ വീടിന്റെ ഹാളിൽ കിടക്കുകയായിരുന്നു. എവിടെയാണ് കുത്തേറ്റതെന്നുപോലും അറിയാത്ത വിധം ചോര തളംകെട്ടി. ആംബുലൻസ് വരുത്തിയാണ് അശ്വിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.
കുത്തേറ്റ് മകൻ തറയിൽ കിടന്ന് പിടയുമ്പോഴും രാജേഷ് ആർ.പിള്ളയ്ക്ക് ഭാവവ്യത്യാസങ്ങളുണ്ടായിരുന്നില്ല. കൊല്ലാൻ വേണ്ടിയാണ് കുത്തിയതെന്ന് ആവർത്തിച്ച് പറയുന്നുമുണ്ട്. ഇതോടെയാണ് നാട്ടുകാർ ഇയാളെ പിടിച്ചുവച്ച് പൊലീസിനെ വരുത്തി കൈമാറിയത്. പ്രവാസിയായ രാജേഷ്.ആർ.പിള്ള ഒരു വർഷത്തിലധികമായി നാട്ടിലുണ്ട്. ഇടയ്ക്ക് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയിരുന്നു. പകലും രാത്രിയും മദ്യപിക്കുന്നതാണ് ശീലം. പരസ്ത്രീ ബന്ധമുണ്ടെന്നും വീട്ടുകാർ ആരോപിക്കുന്നു. മദ്യപിച്ചെത്തിയാൽ വീട്ടിൽ വഴക്ക് പതിവാണ്. ഭാര്യയെ മർദ്ദിക്കും. അടുത്തിടെയാണ് മകൻ അശ്വിന്റെ നേരെയും തിരിഞ്ഞത്. രാജേഷ് മദ്യപിച്ചെത്തുന്നത് അശ്വിൻ ചോദ്യം ചെയ്തതുമുതലായിരുന്നു മർദ്ദനം. മദ്യപിച്ച് റോഡരികിലും കടത്തിണ്ണകളിലുമൊക്കെ കിടന്നുറങ്ങുന്നത് അശ്വിനും വീട്ടുകാർക്കും മാനക്കേടായി. സ്കൂളിലെ കൂട്ടുകാർ ഇത് പറഞ്ഞ് കളിയാക്കിയതോടെയാണ് അശ്വിൻ അച്ഛനെ ചോദ്യം ചെയ്തു തുടങ്ങിയത്. അന്നുമുതൽ അശ്വിനോടുള്ള ഉപദ്രവം കൂടി.
എല്ലാ വിഷയത്തിലും എ പ്ളസ്
രാജേഷിന്റെ ശല്യം സഹിക്കാനാവാതെ വന്നപ്പോഴാണ് അമ്മയുടെ നെടുവത്തൂർ ആനക്കോട്ടൂരിലെ കുടുംബവീട്ടിലേക്ക് അശ്വിനെ മാറ്റിയത്. അമ്മയ്ക്കും അനുജത്തിക്കുമൊപ്പം നിൽക്കാനുള്ള ആഗ്രഹം കൂടിയപ്പോൾ തിരികെ എത്തി. അശ്വിൻ പത്താം ക്ളാസിൽ പഠിക്കുമ്പോഴും രാജേഷിന്റെ മദ്യപാനവും വഴക്കും വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. പരീക്ഷാ ദിനങ്ങളിൽ അച്ഛന്റെ ശല്യംമൂലം അശ്വിൻ ആനക്കോട്ടൂരിലെ വീട്ടിൽ നിന്നാണ് പരീക്ഷയ്ക്ക് പോയിരുന്നത്. എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ മിടുക്കനാണ് അശ്വിൻ.
മലയ്ക്ക് പോകാൻ ഇന്നലെ മാലയിടാനിരുന്നതാണ് അശ്വിൻ. അച്ഛൻ അമ്മയെ മർദ്ദിക്കുന്നത് കണ്ടപ്പോൾ അശ്വിൻ തടസം നിന്നു. ഇതേത്തുടർന്നാണ് നീളമുള്ള മൂർച്ചയുള്ള കത്തികൊണ്ട് കുത്തിയത്. കൊല്ലാൻ വേണ്ടി ചെയ്തതാണെന്ന് രാജേഷ് പറഞ്ഞു
ലതിക രാജു, അമ്മാമ്മ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |