സവാളയ്ക്ക് കുറഞ്ഞത് 55 രൂപ വരെ
കൊല്ലം: ഓണം കഴിഞ്ഞതോടെ കിലോയ്ക്ക് 70- 80 രൂപ വരെ എത്തിയ സവാളയ്ക്ക് 25 രൂപയോളം കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമായി. നിലവിൽ പല വിപണികളിലും സവാള വില 55 രൂപയോളമെത്തി. നവരാത്രി സീസൺ കഴിയുന്നതോടെ വരും ദിവസങ്ങളിൽ വില ഇനിയും കുറഞ്ഞേക്കുമെന്ന് വ്യാപാരികൾ പറയുന്നു.
പ്രധാന ഉത്പാദന മേഖലകളിലുണ്ടായ വെള്ളപ്പൊക്കവും കനത്ത മഴയും മൂലം കൃഷിനാശം സംഭവിച്ചതാണ് സവാളയുടെ വിതരണത്തെ സാരമായി ബാധിച്ചത്. എന്നാൽ ഇപ്പോൾ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രധാന ഉത്പാദന കേന്ദ്രങ്ങളിൽ പുതിയ വിളവെടുപ്പ് ആരംഭിച്ചതോടെ വിപണിയിൽ സവാളയുടെ ലഭ്യത കൂടി. വില ഇനിയും കുറയാനുള്ള സാദ്ധ്യത പ്രതീക്ഷിക്കാൻ ഇതാണ് കാരണം.
സവാള വില കുറയുമ്പോഴും ഇഞ്ചിക്കും വെളുത്തുള്ളിക്കും വില കുതിച്ചുയർന്നു നിൽക്കുകയാണ്. ഒരു കിലോ ഇഞ്ചിക്ക് 200 രൂപയും വെളുത്തുള്ളിക്ക് 216 രൂപയുമാണ്. ഓണക്കാലത്ത് ഇഞ്ചിക്ക് 90 രൂപയായിരുന്നു. അന്യസംസ്ഥാനങ്ങളിൽ വിളവെടുപ്പ് കുറഞ്ഞതും വരവ് കുറഞ്ഞതുമാണ് വിലവർദ്ധനവിന് പ്രധാന കാരണം.
ഹോട്ടൽ മേഖല അവതാളത്തിൽ
പച്ചക്കറി വില കുതിച്ചുയരുന്നത് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കുന്നത് ചെറുകിട, ഇടത്തരം ഹോട്ടൽ മേഖലയെയും തട്ടുകടകളെയുമാണ്. കുടുംബശ്രീ ഹോട്ടലുകളും ഊണ് മാത്രം നൽകുന്ന ചെറിയ കടകളും പച്ചക്കറി വില വർദ്ധനവോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പച്ചക്കറിക്ക് പുറമേ അരിയും പരിപ്പുമടക്കമുള്ള മറ്റ് ആവശ്യസാധനങ്ങളുടെ വിലയും കൂടിയിട്ടുണ്ട്. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ബാദ്ധ്യതയാകുന്ന വിലക്കയറ്റം കച്ചവടക്കാരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
വിലനിലവാരം (കിലോയിൽ)
ഇഞ്ചി: 200 രൂപ
വെളുത്തുള്ളി: 216
ചെറിയ ഉള്ളി: 100
പച്ചമുളക്: 90
തക്കാളി: 70
ബീൻസ്: 60-70
കാരറ്റ്: 50-60
ക്യാബേജ്: 40-50
ബീറ്റ്‌റൂട്ട്: 45-55
പാവയ്ക്ക: 60
പടവലങ്ങ: 50
വെണ്ടയ്ക്ക: 45-50
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |