SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.19 AM IST

കേന്ദ്രം മണ്ണെണ്ണ വെട്ടി പെട്ടു, ഉപഭോക്താക്കൾ!

നാലാംപാദത്തിലെ മണ്ണെണ്ണ വിഹിതം ലഭിക്കില്ല

കൊല്ലം: കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്ര സർക്കാർ കുത്തനെ വെട്ടിക്കുറച്ചതിനാൽ എല്ലാ കാർ‌ഡുകാർക്കും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള നാലാംപാദത്തിലെ മണ്ണെണ്ണ വിഹിതം ലഭിക്കില്ല. കേന്ദ്ര വിഹിതത്തിലെ കുറവിന് ആനുപാതികമായി സംസ്ഥാന സർക്കാർ വിതരണത്തിന്റെ അളവ് പരിഷ്കരിച്ചിട്ടില്ല. അതിനാൽ അവസാന ഘട്ടത്തിൽ എത്തുന്നവർക്ക് മണ്ണെണ്ണ ലഭിച്ചേക്കില്ല.

റേഷൻ കടകൾ വഴിയുള്ള വിതരണത്തിന് കഴിഞ്ഞ പാദത്തിൽ ജില്ലയ്ക്ക് 336 കിലോ ലിറ്റർ മണ്ണെണ്ണ ലഭിച്ചിരുന്നു. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതിനാൽ 252 കിലോ ലിറ്റർ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. എ.എ.വൈ കാർഡുകൾക്ക് ഒരു ലിറ്ററും ബാക്കിയുള്ളവർക്ക് അര ലിറ്ററും വീതമാണ് ഇതുവരെ നൽകിയിരുന്നത്. ജില്ലയിൽ 47,259 എ.എ.വൈ കാർഡുകളും 7,56,519 മറ്റ് കാർഡുകളുമുണ്ട്. എ.എ.വൈ കാർഡുകാർക്ക് ഒരു ലിറ്ററും മറ്റുള്ളവർക്ക് അരലിറ്ററും വീതം നൽകാൻ 425.5 കിലോ ലിറ്റർ വേണം. ഒരു വിഭാഗം റേഷൻ കാർഡ് ഉടമകൾ മണ്ണെണ്ണ വാങ്ങാത്തതിനാലാണ് ഇതുവരെ കാര്യമായ പ്രശ്നങ്ങളില്ലാതെ കടന്നുപോയത്. വിഹിതത്തിൽ വലിയ കുറവുണ്ടായതോടെ സ്ഥിരമായി മണ്ണെണ്ണ വാങ്ങുന്നവർക്ക് ഈ പാദത്തിൽ ലഭിക്കാത്ത അവസ്ഥയുണ്ടാകും.

ഗ്രാമപ്രദേശങ്ങളിലെ റേഷൻ കടകളിൽ സ്ഥിതി കൂടിതൽ രൂക്ഷമാകും. നഗരത്തിലെ കടകളിൽ മൂന്നാം പാദത്തിലെ നീക്കിയിരിപ്പ് ഉപയോഗിച്ച് നാലാം പാദത്തിലെ വിതരണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഗ്രാമ പ്രദേശങ്ങളിലെ റേഷൻ കടകളിൽ നിന്ന് വലിയൊരു വിഭാഗം കാർഡ് ഉടമകളും മണ്ണെണ്ണ വാങ്ങുന്നതിനാൽ കാര്യമായ നീക്കിയിരുപ്പില്ല. ഇവിടങ്ങളിൽ ഇത്തവണ ലഭിക്കുന്ന സ്റ്റോക്ക് കൂടി കുറയുന്നതോടെ വലിയ തർക്കങ്ങളുണ്ടാകും.

 മത്സ്യമേഖലയിലും തിരിച്ചടി

പരമ്പരാഗത വള്ളങ്ങളിലെ എൻജിൻ പ്രവർത്തിപ്പിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരുന്ന വിഹിതവും വെട്ടിക്കുറച്ചിട്ടുണ്ട്. ആദ്യ മൂന്ന് പാദങ്ങളിലും 144 കിലോ ലിറ്റർ വീതം അനുവദിച്ചിരുന്നിടത്ത് ഇത്തവണ 132 കിലോ ലിറ്റർ മാത്രമേ മത്സ്യത്തൊഴിലാളികൾക്കുള്ള സ്പെഷ്യൽ വിതരണത്തിനായി അനുവദിച്ചിട്ടുള്ളു.

.....................................

 ജില്ലയിൽ വിതരണത്തിന് ആകെ വേണ്ടത് 425.5 കിലോ ലിറ്റർ
 ആദ്യ മൂന്ന് പാദങ്ങളിൽ അനുവദിച്ചത്. 336 കിലോ ലിറ്റർ
 അവസാന പാദത്തിലേക്ക് അനുവദിച്ചത് 252 കിലോ ലിറ്റർ

.........................................................

ഏറ്റെടുക്കാതെ ഡീലർമാർ

കമ്മിഷൻ വർദ്ധനവ് ആവശ്യപ്പെട്ട് സമരത്തിലായതിനാൽ ഡീലർമാർ എണ്ണ കമ്പനികളിൽ നിന്ന് ഈ പാദത്തിലെ മണ്ണെണ്ണ വിഹിതം ഇതുവരെ ഏറ്റെടുത്തിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL