SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.18 AM IST

സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം, യുവാവ് പിടിയിൽ

കൊല്ലം∙ ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ കഴിഞ്ഞ മാസം അവസാനം കണ്ടെത്തിയ മൃതദേഹം ചവറ കൊട്ടുകാട് അമ്മാച്ചൻകാവ് വടക്കേത്തറ നിസാറിന്റേതാണെന്ന (55) നിഗമനത്തിൽ പൊലീസ്. നിസാറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ കൊട്ടിയം സ്വദേശി ശ്യാംജിത്തിനെ ശക്തികുളങ്ങര പൊലീസ് അറസ്റ്റു ചെയ്തു.

നിസാറിനെ കമ്പിവടികൊണ്ട് അടിച്ച് കൊലപ്പെടുത്തി മൃതദേഹം ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നുവെന്ന് പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ശ്യാംജിത്തിനെ സംഭവസ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ കൊലപാതകത്തിന് ഉപയോഗിച്ച കമ്പിവടി തൊട്ടടുത്തുള്ള ഓടയിൽ നിന്ന് കണ്ടെത്തി. ഹാർബറിലെ ശൗചാലയങ്ങൾ ഉപയോഗിക്കാൻ വാടകപ്പണം വാങ്ങുന്ന ജോലിക്കാരനായിരുന്നു നിസാർ. ഹാർബറിൽ തന്നെയാണ് നിസാർ താമസിച്ചിരുന്നത്. ഹാർബറിലെ കരാർ എടുത്തിരുന്നയാളുടെ ഡ്രൈവറാണ് പ്രതിയായ ശ്യാംജിത്ത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സംഭവദിവസം പ്രതിയെ നിസാർ ചീത്ത വിളിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത പ്രതി നിസാറിനെ ആദ്യം കൈകൊണ്ട് അടിക്കുകയും പിന്നീട് ശൗചാലയത്തിൽ വച്ചിരുന്ന കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം പായയിൽ പൊതിഞ്ഞ് സമീപത്തെ സെപ്റ്റിക് ടാങ്കിന്റെ മൂടി തുറന്ന് അതിൽ തള്ളുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും മറ്റു തെളിവുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്യാംജിത്ത് പിടിയിലായത്.
കഴിഞ്ഞ മാസം 30ന് ഹാർബറിലെ ശൗചാലയ മാലിന്യം നീക്കം ചെയ്യാൻ സ്ലാബ് തുറന്നപ്പോൾ തൊഴിലാളികളാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. ഉടൻ ശക്തികുളങ്ങര പൊലീസിൽ വിവരം അറിയിച്ചു. പൂർണമായും ജീർണിച്ച മൃതദേഹം മൃഗത്തിന്റേതാണെന്നായിരുന്നു ആദ്യം കരുതിയത്. തുടർന്ന് വെറ്ററിനറി സർജനെത്തി പരിശോധിച്ചപ്പോൾ മൃഗത്തിന്റേതല്ലെന്നു തെളിഞ്ഞു. വീണ്ടും തിരച്ചിൽ നടത്തിയപ്പോൾ തലയോട്ടിയും കണ്ടെത്തി. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
നിസാർ ദീർഘകാലമായി കുടുംബവുമായി അടുപ്പത്തിലായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇടയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായപ്പോൾ പരിചരണത്തിന് ബന്ധുക്കൾ എത്തിയിരുന്നു. രോഗം ഭേദമായതോടെ വീണ്ടും ഹാർബറിലേക്ക് മടങ്ങി. മൃതദേഹത്തിനൊപ്പം ലഭിച്ച വസ്ത്രങ്ങൾ നിസാറിന്റേതാണെന്ന് ഹാർബറിലെ തൊഴിലാളികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഡി.എൻ.എ പരിശോധന ഫലം വന്നശേഷമേ ശാസ്ത്രീയമായി സ്ഥിരീകരിക്കു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL