ശ്രീനാരായണപുരം- സഞ്ചാരിമുക്ക് റോഡ് നവീകരണം മുടങ്ങി
കൊല്ലം: ശ്രീനാരായണപുരം- സഞ്ചാരിമുക്ക് റോഡ് നവീകരണം ആരംഭിച്ചിട്ട് മൂന്ന് വർഷമായെങ്കിലും ഇതുവരെ നടന്നത് 100 മീറ്റർ ഓട നിർമ്മാണം മാത്രം! ഒന്നര പതിറ്റാണ്ടായി തകർന്നു കിടക്കുകയായിരുന്ന റോഡ് നാട്ടുകാരുടെ നിരന്തര പരാതിയെത്തുടർന്നാണ് നവീകരിക്കാൻ തുടങ്ങിയത്. യാത്രക്കാർക്ക് പുറമേ റോഡരികിലുള്ള 300ഓളം കുടുംബങ്ങളും കടുത്ത ദുരിതത്തിലാണ്.
ഇരവിപുരം മുൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 3.5 കോടി വിനിയോഗിച്ചാണ് നവീകരണം. ശ്രീനാരായണപുരം, കലാവേദി, മാടൻനട വഴി ദേശീയപാതയിലേക്ക് എത്തുന്ന ഈ റോഡ് രണ്ട് കിലോമീറ്ററോളമുണ്ട്. അമ്മൻനട, അയത്തിൽ, വടക്കേവിള, പള്ളിമുക്ക് ഡിവിഷനുകളിലെ ജനങ്ങൾക്ക് ഹൈവേയിലേക്ക് വേഗം എത്താനുള്ള പ്രധാന റോഡാണിത്. എന്നാൽ 15 വർഷത്തിലേറെയായി ഈ റോഡ് തകർന്നു കിടക്കുകയാണ്.
മൂന്ന് വർഷം മുമ്പാണ് നിലവിലെ കരാറുകാരൻ കരാർ ഏറ്റെടുത്തത്. ഓട നിർമ്മാണത്തിനായി കുഴിയെടുത്തതോടെ പലർക്കും വീടുകളിൽ നിന്ന് റോഡിലേക്ക് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയായി. സാമ്പത്തിക പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി കരാറുകാരൻ ജോലി സമയബന്ധിതമായി പൂർത്തിയാക്കാതിരുന്നതിനെ തുടർന്ന് എം.എൽ.എയും കോർപ്പറേഷനും ചേർന്ന് ഹിയറിംഗ് നടത്തുകയും രണ്ട് മാസത്തിനകം പണി തീർക്കാമെന്ന് കരാറുകാരൻ ഉറപ്പുനൽകുകയും ചെയ്തിരുന്നു. അതിനുശേഷം രണ്ട് ദിവസം പണി നടന്നു. ജോലിക്ക് ശേഷം പണി വീണ്ടും ഉപേക്ഷിക്കുകയായിരുന്നു.
കരാറുകാരന് നോട്ടീസ്
കരാറുകാരന് കോർപ്പറേഷൻ അന്തിമ നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസ് ലഭിച്ച് 5 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ ഇദ്ദേഹത്തെ ഒഴിവാക്കി കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. റിസ്ക് ആൻഡ് കോസ്റ്റിൽ റീ-ടെൻഡർ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വർദ്ധിച്ച മെറ്റീരിയൽ നിരക്കുകൾ മൂലം തുകയിൽ ഉണ്ടാകുന്ന വ്യത്യാസം എം.എൽ.എ ഫണ്ടിൽ നിന്ന് ലഭ്യമാക്കുമെന്ന് ഉറപ്പു ലഭിച്ചു. റീ-ടെൻഡർ നടപടികളിലൂടെ റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
കരാറുകാരന്റെ അലംഭാവം മാത്രമാണ് നിർമ്മാണം വൈകാൻ കാരണം. പ്രദേശവാസികളും കൗൺസിലർമാരും നിരന്തരം ഇടപെട്ടിട്ടും അനുകൂലമല്ല കരാറുകാരന്റെ പ്രതികരണം. സാമ്പത്തിക ശേഷിയുമുള്ളവർക്ക് മാത്രം ഇത്തരം വലിയ തുകയുടെ കരാറുകൾ നൽകാൻ അധികൃതർ ശ്രദ്ധിക്കണം. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കരാറുകാർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കണം
കൃഷ്ണകുമാർ, വാർഡ് കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |