കൊല്ലം: കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിൽ നിന്ന് ജനവാസകേന്ദ്രങ്ങളെയും മലയോര കർഷകരുടെ ഉപജീവന മേഖലകളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ സംയുക്ത കർഷക സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് ജില്ലയിൽ മലയോര ഹർത്താൽ നടക്കും. പരിസ്ഥിതി ലോല കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട ജില്ലയിലെ പിറവന്തൂർ, പുന്നല, ഇടമൺ, തെന്മല, ആര്യങ്കാവ്, തിങ്കൾ കരിക്കം, കുളത്തൂപ്പുഴ, ചണ്ണപ്പേട്ട എന്നീ എട്ട് വില്ലേജുകൾ ഹർത്താലിൽ സ്തംഭിച്ചേക്കും.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് മലയോര ഹർത്താൽ. അതിന്റെ ഭാഗമായി അലിമുക്ക്, ഇടമൺ, കുളത്തൂപ്പുഴ, ആര്യങ്കാവ്, ചണ്ണപ്പേട്ട, മടത്തറ എന്നീ അറ് പ്രധാന സമരകേന്ദ്രങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന ജനകീയ സത്യഗ്രഹ സമരം നടക്കും. വൈകിട്ട് 6ന് നടക്കുന്ന പ്രകടനത്തോടുകൂടി സമരം അവസാനിക്കും. പൊതുജനങ്ങളുടെ അത്യാവശ്യ യാത്രകൾ പരിഗണിച്ച്, കൊല്ലത്തുനിന്ന് ചെങ്കോട്ട വഴി തമിഴ്‌നാട്ടിലേക്ക് പോകുന്ന അന്തർസംസ്ഥാന ബസ് സർവീസുകളെയും തിരുവനന്തപുരത്ത് നിന്ന് അലിമുക്ക് വഴി കടന്നുപോകുന്ന അന്തർജില്ലാ ബസ് സർവീസുകളെയും പാൽ, പത്രം, ആശുപത്രി, വിവാഹം തുടങ്ങിയ അത്യാവശ്യ സർവീസുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ അടച്ചിട്ടും വാഹനങ്ങൾ നിരത്തിലിറക്കാതെയും ഹർത്താലുമായി സഹകരിക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു. മലയോര ജനതയുടെ നിലനിൽപ്പിനായുള്ള അതിജീവന സമരത്തിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് എല്ലാ ജനാധിപത്യ വിശ്വാസികളും കർഷക ജനവിഭാഗങ്ങളും അണിനിരക്കണമെന്നും ഹർത്താൽ വിജയമാക്കണമെന്നും ഇടതുപക്ഷ സംയുക്ത കർഷക സമരസമിതി നേതാക്കൾ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |