കൊല്ലം: വാടിയിലെ വീട്ടിൽ നിന്ന് വ്യാജനോട്ട് നിർമ്മാണ സാമഗ്രികൾ കണ്ടെത്തിയ കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. കേസിൽ റിമാൻഡിൽ കഴിയുന്ന കൊല്ലം വെസ്റ്റ് കൈക്കുളങ്ങര വാടി കല്ലേലിവയൽ പുരയിടത്തിൽ സിബിയോണിനെ രണ്ട് ദിവസത്തിനകം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി ആർ.രാജേഷ് കുമാറിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
സിബിയോണിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന പ്രിന്റർ, 500 രൂപയുടെ നോട്ട് വ്യാജമായി അച്ചടിക്കാനായി മുറിച്ചെടുത്ത കടലാസ് കെട്ടുകൾ, നോട്ടെണ്ണൽ യന്ത്രം എന്നിവ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പിടികൂടിയത്. കേസിന്റെ ഇതുവരെയുള്ള വിവരങ്ങൾ കൈമാറിക്കിട്ടിയില്ലെങ്കിലും ക്രൈം ബ്രാഞ്ച് സംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചു. അതിന്റെ ഭാഗമായി സിബിയോണിന്റെ വീട്ടിൽ അടക്കം ക്രൈംബ്രാഞ്ച് സംഘം എത്തി തെളിവെടുപ്പ് നടത്തി. സിബിയോണിന്റെ ആഡംബര വാഹനം കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സിബിയോണിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പ്രിന്റർ, നോട്ടെണ്ണൽ യന്ത്രം തുടങ്ങിയ ഉപകരണങ്ങളും കണ്ടെടുത്ത നാലര ലക്ഷത്തോളം രൂപയും പരിശോധിക്കാൻ പൊലീസ് ആർ.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിടികൂടിയ നോട്ടുകൾ വ്യാജമാണോ, ഉപകരണങ്ങൾ വഴി നോട്ട് പ്രിന്റിംഗ് നടത്തിയിട്ടുണ്ടോ തുടങ്ങിയ ശാസ്ത്രീയ പരിശോധനകളാകും ആർ.ബി.ഐ സംഘം നടത്തുക. നോട്ട് അച്ചടിക്കാനായി മുറിച്ചെടുത്ത കടലാസ് കെട്ടുകളും പരിശോധിക്കും.
തിമിംഗല ഛർദ്ദി വനം വകുപ്പിന് കൈമാറി
വാടി ലേലഹാളിന് അടുത്ത് മത്സ്യബന്ധന സാമഗ്രികൾ സൂക്ഷിക്കുന്ന സിബിയോണിന്റെ ലോക്കറിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത 22 കോടിയോളം വിലവരുന്ന 22.5 കിലോ തിമിംഗല ഛർദ്ദി വനം വകുപ്പിന് കൈമാറി. അനധികൃതമായി തിമിംഗല ഛർദ്ദി സൂക്ഷിച്ചതിന് വനം വകുപ്പിന്റെ അഞ്ചൽ റേഞ്ച് ഓഫീസിൽ സിബിയോണിനെതിരെ കേസെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കി അനുമതി വാങ്ങിയ ശേഷം തിമിംഗല ഛർദ്ദി ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |