കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ തേവലപ്പുറം മൂന്നുമൂർത്തി ക്ഷേത്രം- കല്ലുംമൂട് റോഡ് തകർന്ന് തരിപ്പണമായി. കുണ്ടും കുഴിയുമായ റോഡിൽ മഴവെള്ളം കെട്ടിനിൽക്കുന്നത് കൂടുതൽ വിനയായി. ചില ഭാഗങ്ങൾ കുളത്തിന് സമാനമായ നിലയിൽ വെള്ളം നിറഞ്ഞിരിക്കയാണ്. കാൽനട യാത്രികരും ഇരുചക്ര വാഹന യാത്രക്കാരുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. കൊട്ടാരക്കര- പുത്തൂർ റോഡിൽ കല്ലുംമൂട് ജംഗ്ഷനിൽ നിന്നാണ് റോഡ് തുടങ്ങുന്നത്. അവിടെ നിന്നും നെടുവത്തൂർ- കല്ലേലി റോഡിലെത്തുന്നതുവരെയുള്ള രണ്ടര കിലോ മീറ്റർ ദൂരം തീർത്തും നാശത്തിലാണ്. വർഷങ്ങളായി ഈ സ്ഥിതി തുടരുമ്പോഴും അധികൃതർ കണ്ണടയ്ക്കുകയാണ്. തേവലപ്പുറം മിനി സ്റ്റേഡിയം, മൂന്നുമൂർത്തി ക്ഷേത്രം, പാറയിൽമുക്ക്, ആരോഗ്യ കേന്ദ്രം, മൃഗാശുപത്രി എന്നിവിടങ്ങളിലേക്ക് പോകാനുള്ള വഴിയാണ് അധികൃതരുടെ ഉദാസീനതയിൽ തകർന്നുകിടക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലെ ദുരിതയാത്ര
നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിദ്യയുടെ കരുവായം വാർഡിലെ പ്രധാന റോഡിനാണ് ഈ ദുർഗതിയെന്നതാണ് പ്രത്യേകത. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ കല്ലേലി വാർഡും ഇതോട് ചേർന്നുള്ളതാണ്. മഴ വലിയ തോതിൽ പെയ്യാൻ തുടങ്ങിയതോടെ ഈ റോഡിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയുണ്ട്. സ്റ്റേഡിയത്തിന് സമീപത്തുള്ള വലിയ വെള്ളക്കെട്ട് ഒഴിവാക്കാൻ സംവിധാനംപോലും ഉണ്ടാക്കുന്നില്ല. ഇവിടെ വെള്ളം ഒഴുകിപ്പോകാൻ സംവിധാനമുണ്ടാക്കിയാൽ മതിയാകും. ബസ് റൂട്ടുള്ള ഭാഗമല്ല. അതുകൊണ്ടുതന്നെ ഏറെപ്പേരും ഇരുചക്ര വാഹനങ്ങളെയാണ് ആശ്രയിക്കുക. റോഡിലേക്ക് ഇരുചക്ര വാഹനങ്ങളുമായി ഇറങ്ങിയാൽ അപകടമുണ്ടാകാതെ വീട്ടിലെത്തുക പ്രയാസകരമാണ്. ഓട്ടോകൾ ഓട്ടം വിളിച്ചാൽ വരാനും മടിക്കുന്നതായി നാട്ടുകാർ പറയുന്നു.
റോഡിന്റെ നീളം: 2.5 കിലോമീറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |