കോട്ടയം: യാത്രക്കാർ ഹാപ്പിയാണ്. അവർ നെഞ്ചിലേറ്റുകയായിരുന്നു പുതിയ മെമു സർവീസിനെ... പാലരുവിയിലെയും വേണാടിലെയും ശ്വാസംമുട്ടിയുള്ള യാത്രയ്ക്കാണ് ഇതോടെ ശമനമായത്. നൂറുകണക്കിന് യാത്രക്കാർ ഓരോ സ്റ്റേഷനിലുമെത്തി മെമുവിന്റെ കന്നിയാത്ര ആഘോഷമാക്കി. കൊല്ലം മുതൽ മികച്ച പ്രതികരണമാണ് പുതിയ സർവീസിന് യാത്രക്കാർ നൽകിയത്. കൊടിക്കുന്നിൽ സുരേഷ് എം.പി, എൻ.കെ പ്രേമചന്ദ്രൻ എം.പി പ്രഥമ യാത്രയിൽ കൊല്ലത്ത് നിന്ന് യാത്രക്കാരെ അനുഗമിച്ചു.
അവർ വരവേറ്റു...
പുഷ്പവൃഷ്ടി നടത്തിയും കളർ ഫോഗുകൾകൊണ്ട് വർണ്ണവിസ്മയം തീർത്തും മധുര പലഹാരം വിതരണം ചെയ്തും അവിസ്മരണമണീയമായ ദൃശ്യാനുഭവമാണ് യാത്രക്കാർ ഏറ്റുമാനൂർ സ്റ്റേഷനിൽ ഒരുക്കിയത്. ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജില്ലാ പ്രസിഡന്റ് അജാസ് വടക്കേടം കൊടിക്കുന്നിൽ സുരേഷ് എം.പിയെ പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീജിത്ത് കുമാർ പൊന്നാടയണിയിച്ചു. റെയിവേയ്ക്കുള്ള ആദരസൂചകമായി ലോക്കോ പൈലറ്റ് ഡിന്നിച്ചൻ ജോസഫിനെ ഹാരമണിയിച്ചു.
എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 1.55 നുള്ള പരശുറാമിനും വൈകുന്നേരം 5.20നുള്ള വേണാടിനും ഇടയിലെ വലിയ ഇടവേള കൂടി പരിഹരിക്കുന്ന വിധം എറണാകുളത്ത് നിന്ന് തിരിച്ചുള്ള സർവീസ് ക്രമീകരിക്കണം. (ജെ.ലിയോൺസ് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി)
എട്ട് കോച്ചിൽ നിന്നും നിന്ന് 12 കോച്ചായി ഉയർത്തണം. ഓച്ചിറ, കാഞ്ഞിരമറ്റം സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ കൂടി ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. (കൊടിക്കുന്നിൽ സുരേഷ് എം.പി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |