SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 PM IST

സി.പി.എം ജില്ലാ സമ്മേളനത്തിൽ വിമർശനം.... പാർട്ടി പരിപാടികളിൽ ജനപങ്കാളിത്തമില്ല

കോട്ടയം : പാർട്ടി പരിപാടികളിൽ ജനപങ്കാളിത്തം കുറയുന്നുവെന്നും, പൊലീസ് സ്റ്റേഷനുകളിൽ പ്രവർത്തകർക്ക് പോലും രക്ഷയില്ലാത്ത സ്ഥിതിയാണെന്നും സി.പി.എം ജില്ലാ സമ്മേളനത്തിൽ വിമർശനം. പാർട്ടിയിലെ ചില സീനിയർ നേതാക്കളുടെയും വിദ്യാർത്ഥി, യുവജന, വനിത, സർവീസ് , സംഘടനകളുടെയും, ബ്രാഞ്ച് - ലോക്കൽ കമ്മിറ്റിപ്രവർത്തനവും തൃപ്തികരമല്ല. ബി.ജെ.പിയുടെ വളർച്ച ഗൗരവമായി കാണണമെന്ന് പ്രതിനിധികൾ മുന്നറിയിപ്പ് നൽകി. പല പഞ്ചായത്തുകളിലും ബി.ജെ.പി സ്വാധീനം സി.പി.എം വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമെന്നതിനാൽ ജാഗ്രത വേണം. പാർട്ടിക്ക് ശക്തമായി മുന്നോട്ടുപോകാനുതകുന്ന ചർച്ചകളും നിർദ്ദേശങ്ങളുമാണ്‌ പ്രതിനിധി സമ്മേളനത്തിലുയർന്നതെന്ന്‌ ജില്ലാ സെക്രട്ടറി എ.വി.റസൽ പറഞ്ഞു. രണ്ടു ദിവസങ്ങളിലായി അഞ്ചുമണിക്കൂർ നീണ്ട പൊതുചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും, ജില്ലാ സെക്രട്ടറി റസലും മറുപടി പറഞ്ഞു. പൊതുസമ്മേളനം ഇന്ന് വൈകിട്ട് നാലിന് പാമ്പാടി കമ്മ്യൂണിറ്റി ഹാൾ മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി ആയിരങ്ങൾ പങ്കെടുക്കുന്ന ചുവപ്പ് സേനാമാർച്ചും , ബഹുജന റാലിയും മൂന്നിന് പാമ്പാടി റെഡ്ക്രോസ് റോഡ്സ് സ്കൂൾ മൈതാനത്ത് നിന്ന് ആരംഭിക്കും. ഇന്ന് പുതിയ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുക്കും. എ.വി.റസൽ സെക്രട്ടറിയായി തുടർന്നേക്കും. സെക്രട്ടേറിയറ്റ് അംഗമായ കെ.സുരേഷ് കുറുപ്പ് ഒഴിവാക്കണമെന്ന് നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി അംഗമായ കെ.അനിൽകുമാറും ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവായേക്കും.

കേന്ദ്ര അവഗണന അവസാനിപ്പിക്കണം

കേരളത്തോട്‌ കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന്‌ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കുള്ള തുക പോലും കുടിശികയാക്കുകയാണ്. മദ്ധ്യതിരുവതാംകൂറിന്റെ വികസനത്തിന് ഗതിവേഗം പകരുന്ന ശബരിമല വിമാനത്താവള പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാക്കണമെന്നും പ്രമേയം പാസാക്കി. ശബരി റെയിൽപ്പാത യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കും. കേന്ദ്രം റബറിന്‌ താങ്ങുവില നിശ്‌ചയിക്കണമെന്നും പ്രമേയത്തിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL