SignIn
Kerala Kaumudi Online
Friday, 23 October 2026 3.46 AM IST

തൊഴിൽ പരിശീലനത്തിന് നടകയറണം ഭിന്നശേഷിക്കാരോട് വേണോ ഈ പണി

d

ഇടമ​റ്റം: മീനച്ചിൽ പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലത്തിന് അനുവദിച്ച മുറിയെച്ചൊല്ലി വിവാദം. നടകൾ കയറിയെത്തേണ്ട മുറിയാണ് തങ്ങൾക്ക് അനുവദിച്ചിരിക്കുന്നതെന്നും പലർക്കും അതിനാൽ അകത്തേക്ക് വരാനാകുന്നില്ലെന്നും ഭിന്നശേഷിക്കാർ ആരോപിച്ചു. അധികാരികളുടെ അനാസ്ഥയ്‌ക്കെതിരെയും വേറെ മുറി അനുവദിക്കുന്നതിനുമായി ഏപ്രിൽ 3ന് പഞ്ചായത്ത് പടിക്കൽ തങ്ങൾ രാപ്പകൽ സമരം നടത്തുമെന്ന് ഭിന്നശേഷിക്കാർ പാലായിൽ പത്രസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ എട്ട് വർഷമായി മീനച്ചിൽ പഞ്ചായത്ത് അധികാരികൾ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ നിഷേധിക്കുകയാണെന്ന് ഗ്രാമസഹായ് സ്വയംസഹായ സംഘം ഭാരവാഹികളായ പി.സി. രാജു, കെ.പി. ഭവാനി, ദീപക് മാത്യു എന്നിവർ പത്രസമ്മേളനത്തിൽ കു​റ്റപ്പെടുത്തി.

രണ്ട് നടകയറിയെത്തണം

ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലനത്തിനായി പഞ്ചായത്തിൽ ഒരു മുറി അനുവദിക്കണമെന്ന് വർഷങ്ങളായുള്ള ആവശ്യമുണ്ട്. മാറിവന്ന പഞ്ചായത്ത് അധികാരികൾ ഭിന്നശേഷിക്കാരോട് മുഖംതിരിച്ചപ്പോൾ നിരാഹാര സമരം ഉൾപ്പെടെ അവർക്ക് നടത്തേണ്ടി വന്നു. ഒടുവിൽ പഞ്ചായത്തുവക പൈകയിലെ ഷോപ്പിംഗ് കോംപ്ലക്‌സിൽ ഒരു മുറി നൽകാമെന്ന് പഞ്ചായത്ത് അധികൃതർ സമ്മതിച്ചു. എന്നാൽ ഈ മുറി ഒഴിവാക്കി വലിയ രണ്ട് നടകളുള്ള ഒരു മുറിയാണ് അധികാരികൾ നീക്കിയിട്ടത്. കാലുവയ്യാത്തവർക്കും കാഴ്ച പരിമിതി ഉള്ളവർക്കുമൊക്കെ ഈ മുറിയിലേക്ക് കയറാൻപോലും കഴിയില്ല.

കുടുംബശ്രീ ജനകീയ ഹോട്ടലും അക്ഷയ സേവന കേന്ദ്രവും നടത്തുന്നതിന് നൽകിയിട്ടുള്ള മുറികളിൽ ഒരെണ്ണം തങ്ങൾക്ക് വേണമെന്നാണ് ഭിന്നശേഷിക്കാരുടെ ആവശ്യം.



ഭിന്നശേഷി ഗ്രാമസഭയും തട്ടിക്കൂട്ട്

തങ്ങൾക്കായി ഗ്രാമസഭ വിളിച്ചുകൂട്ടിയിട്ട് കോറം തികയാതെ വന്നപ്പോൾ പങ്കെടുത്ത മെമ്പർമാരും സെക്രട്ടറിയും ഉൾപ്പെടെ പേരെഴുതി ഒപ്പിട്ട് കോറം തികയ്ക്കുന്ന തട്ടിക്കൂട്ട് പരിപാടിയാണ് നടത്തിയതെന്ന് ഗ്രാമസഹായ് സ്വയംസഹായ സംഘം സെക്രട്ടറി പി.സി. രാജു കു​റ്റപ്പെടുത്തി.


രേഖ നോക്കിയാലെ പറയാൻ പ​റ്റൂ

ഭിന്നശേഷിക്കാർക്കുള്ള ഗ്രാമസഭ തട്ടിക്കൂട്ടാണെന്ന ആക്ഷേപം ചിലരുടെ വ്യാഖ്യാനം മാത്രമാണെന്നും തങ്ങളും അതിനകത്ത് പേരെഴുതി ഒപ്പിട്ടിട്ടുണ്ടോ എന്നുള്ളത് രേഖ പരിശോധിച്ചാൽ മാത്രമേ പറയാൻ കഴിയൂവെന്നും പഞ്ചായത്ത് സെക്രട്ടറി സീന പി.ആർ പറയുന്നു.


പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് ഭിന്നശേഷിക്കാർക്കായി അനുവദിക്കാൻ മുറി ഒഴിവില്ല.

പഞ്ചായത്ത് പ്രസിഡന്റ് സോജൻ തൊടുകയിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL