നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ സമ്പൂർണ തോൽവിയെ കുറിച്ച് സി.പി.എമ്മും, സി.പി.ഐയും, കേരള കോൺഗ്രസ് എമ്മും വിലയിരുത്തൽ നടത്തിയെങ്കിലും പരസ്പരം കുറ്റംപറച്ചിൽ നടത്തി പിരിയുന്നത് കാണുമ്പോൾ സന്ദേശം സിനിമയിൽ ശങ്കരാടി പറയുന്ന പ്രതിക്രിയാവാദം റാഡിക്കലിസം ഡയലോഗ് കേട്ടിട്ട് 'നമ്മളെങ്ങനെ തോറ്റെന്ന് പച്ചമലയാളത്തിൽ പറ സാറേ എന്നു ചോദിച്ചു പോവുകയാണ് ചുറ്റുവട്ടത്തുള്ളവർ. സി.പി.എം ക്രോസ് വോട്ട് ചെയ്തതാണ് സമ്പൂർണ പരാജയത്തിന് കാരണമെന്നായിരുന്നു കേരള കോൺഗ്രസ് (എം) വിലയിരുത്തൽ. സി.പി.എം, സി.പി.ഐ ജില്ലാ കമ്മിറ്റികൾ ഗുരുതരമായ ഈ ആരോപണം തള്ളിയെന്ന് മാത്രമല്ല മാണി ഗ്രൂപ്പ് വോട്ടുമറിച്ചതാണ് സംപൂജ്യരാകാൻ കാരണമെന്ന് വിലയിരുത്തിയതോടെ കോട്ടയത്ത് ക്രോസ് വോട്ട് ഉണ്ടായിട്ടില്ലെന്നും മറ്റു ജില്ലകളിൽ ഉണ്ടായെന്നുമാണ് തങ്ങളുടെ വിലയിരുത്തലെന്നായി മാണി ഗ്രൂപ്പ്. മന്ത്രി വാസവൻ മത്സരിച്ച ഏറ്റുമാനൂർ, സി.പി.ഐയുടെ ചെങ്കോട്ടയായ വൈക്കം എന്നിവിടങ്ങളിലെ തോൽവി ആഴത്തിൽ വിലയിരുത്തണമെന്നും സി.പി.എം സ്ഥാനാർത്ഥികൾ ദയനീയമായി പരാജയപ്പെട്ട പുതുപ്പള്ളി കോട്ടയം മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ലഭിച്ച വൻ ഭൂരിപക്ഷത്തെക്കുറിച്ച് പഠിക്കണമെന്നുമായിരുന്നു മാണി ഗ്രൂപ്പിന്റെ പുതിയ വിലയിരുത്തൽ. കൂട്ടത്തോൽവിയുടെ കാരണം കണ്ടുപിടിക്കാൻ മാണി ഗ്രൂപ്പ് ജില്ലാ തല യോഗം ഈയാഴ്ച വിളിച്ചിട്ടുണ്ട്.
ടീമായി യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടതായിരുന്നു ലോക് സഭ , തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വൻ വിജയത്തിന് കാരണം. നിയമസഭ തിരഞ്ഞെടുപ്പിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരിക്കുമെന്ന് കരുതിയെങ്കിലും തുടർ ഭരണത്തിന്റെ ശീതളച്ഛായയിൽ മതിമറന്ന് ആനപ്പുറത്തു നിന്നിറങ്ങാൻ തയ്യാറാകാതെ പലരും കൊമ്പുകുലുക്കുന്നതും ചിന്നം വിളിക്കുന്നന്നത് കേട്ട് മടുത്ത് ഒരു മാറ്റം വേണമെന്നും തമ്മിൽ ഭേദം തൊമ്മനെന്നും ജനത്തിന് തോന്നിയതാണ് യു.ഡി.എഫിന് നൂറിലേറെ സീറ്റ് കിട്ടാൻ കാരണം.
ന്യൂന പക്ഷ ഏകീകരണം കുന്തം കൊടചക്രമെന്നൊക്കെ പറഞ്ഞ് ന്യായീകരിക്കാതെ തോൽവി അംഗീകരിച്ച് ജനങ്ങളുടെ പ്രീതി സമ്പാദിക്കാൻ ഇടതുമുന്നണിയ്ക്ക് കഴിഞ്ഞാൽ ഇനിയും തിരിച്ചു വരാൻ അവസരമുണ്ട്. അതല്ലാതെ തൊലിപ്പുറമേയുള്ള ചികിത്സ കൊണ്ട് രോഗം മാറില്ല. യു.ഡി.എഫ് നേതാക്കളാകട്ടെ വൻ ജയത്തിൽ അഹങ്കരിച്ച് ജനവിരുദ്ധ നടപടികളിലേക്കും സാമുദായിക സമ്മർദ്ദത്തിനും അടിപ്പെട്ട് നീങ്ങിയാൽ ഇതേ അനുഭവമായിരിക്കും അവരെയും കാത്തിരിക്കുക. ജനം വെറും കഴുതകളല്ലെന്ന് കോവർ കഴുതകളായ നേതാക്കൾ മനസിലാക്കിയാൽ നന്നെന്നാണ് പല മുന്നണികളുടെയും ഉയർച്ചയും താഴ്ചയും കണ്ടിട്ടുള്ള ചുറ്റുവട്ടത്തിന് ഓർമ്മിപ്പിക്കാനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |