SignIn
Kerala Kaumudi Online
Monday, 21 September 2026 6.15 PM IST

ഘോഷയാത്രയ്ക്ക് നേരെ കാർ ഡ്രൈവറുടെ പരാക്രമം എസ്.ഐയുടെ വിശദീകരണം വസ്തുതാവിരുദ്ധമെന്ന് ആക്ഷേപം

കിടങ്ങൂർ: കിടങ്ങൂർ ജംഗ്ഷനിൽ ഗുരുദേവ ജയന്തി ഘോഷയാത്രയ്ക്കിടെ വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ചെന്ന വിവാദത്തിൽ കിടങ്ങൂർ എസ്.ഐ കിഷോറിന്റെ വിശദീകരണം വസ്തുതാവിരുദ്ധമാണെന്ന് ആക്ഷേപം. സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയെയാണ് ആദ്യം വിവരം അറിയിച്ചതെന്നും, പരാതി രേഖാമൂലം സ്റ്റേഷനിൽ നൽകാൻ നിർദേശിച്ചത് അദ്ദേഹമാണെന്നും പരാതിക്കാരനായ യൂത്ത്മൂവ്‌മെന്റ് മീനച്ചിൽ യൂണിയൻ കൺവീനർ ഗോപകുമാർ കെ.ആർ പറയുന്നു.

സംഭവത്തെക്കുറിച്ച് തിരക്കിയപ്പോൾ 'ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല' എന്നായിരുന്നു എസ്.ഐ ആദ്യം പ്രതികരിച്ചത്. എന്നാൽ അതേ ഉദ്യോഗസ്ഥനോടാണ് സംഭവമുണ്ടായ ഉടൻ ഗോപകുമാർ കെ.ആർ. വിവരം പറഞ്ഞതെന്നും, പരാതി എഴുതി നൽകാൻ നിർദേശം ലഭിച്ചതിനാലാണ് സ്റ്റേഷനിൽ പരാതി നൽകിയതെന്നും സമുദായ നേതാക്കൾ പറയുന്നു. അതിനാൽ എസ്.ഐയുടെ ആദ്യ പ്രതികരണം ശരിയല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

അതേസമയം സംഭവത്തിലുൾപ്പെട്ട കെ.എൽ.36കെ 6606 സ്വിഫ്റ്റ് കാർ ഇന്നലെ രാത്രി തന്നെ കിടങ്ങൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തിയതിന് ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂവെന്ന് കിടങ്ങൂർ പൊലീസ് പറയുന്നു. കാർ ഡ്രൈവറെ വെള്ളിയാഴ്ച വൈകിട്ടുതന്നെ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും മെഡിക്കൽ പരിശോധനയും മറ്റും നടത്തിയിട്ടില്ല എന്നാണ് വിവരം.

ഒത്തുതീർപ്പിനായി നേതാക്കൾ

പ്രശ്‌നം ഏതുവിധേനയും ഒത്തുതീർക്കാൻ ചില രാഷ്ട്രീയനേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. ഇവർ എസ്.എൻ.ഡി.പി ഭാരവാഹികളുമായി സംസാരിച്ചിരുന്നു. എന്നാൽ നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ എന്ന നിലപാടിലാണ് യൂണിയൻ,ശാഖാ ഭാരവാഹികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL