
കോഴിക്കോട്: കേരളത്തിലെ വനങ്ങളിൽ പെയ്യുന്ന മഴയുടെ അളവും ജലസംഭരണശേഷിയും അറിയാൻ സമഗ്രപഠനവുമായി കോഴിക്കോട് കേന്ദ്രമായുള്ള കേന്ദ്ര ജല വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം). റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരമൊരു പഠനം നടക്കുന്നത്. പ്രളയ പ്രതിരോധവും ഫോറസ്റ്റ് മാനേജ്‌മെന്റും ലക്ഷ്യമിട്ടാണ് പഠനം. 2021ൽ ആരംഭിച്ച 'സ്കോപ്പിംഗ് സ്റ്റഡീസ് ടു ആക്സസ് ദി ഹൈഡ്രോളജിക്കൽ സർവീസസ് പ്രൊവിഷൻഡ് ബെെ ദി ഫോറസ്റ്ര് എക്കോ സിസ്റ്റം ഒഫ് കേരള' എന്ന് പേരിട്ടിരിക്കുന്ന പഠനം അന്തിമഘട്ടത്തിലാണ്. കൊല്ലം, കോഴിക്കോട്, അട്ടപ്പാടി, ഇടുക്കി ജില്ലകളിലെ നിത്യഹരിതവനം,അർദ്ധ നിത്യഹരിത വനം, അർദ്ധ ഇലപൊഴിയും വനങ്ങൾ, വരണ്ട ഇലപൊഴിയും വനങ്ങൾ, ചതുപ്പുകൾ, ചോലവനങ്ങൾ, സംരക്ഷിത വനങ്ങൾ, സംയുക്ത ഫോറസ്റ്റ് മാനേജ്മെന്റിന് കീഴിലെ പ്രദേശങ്ങൾ തുടങ്ങി 11 വനമേഖലകളിലാണ് ശാസ്ത്ര സംഘം പരിശോധന നടത്തിയത്. ഇവിടങ്ങളിൽ മഴമാപിനി സ്ഥാപിച്ചുള്ള വിവര ശേഖരണം പൂർത്തിയായി. മേയ് ആദ്യവാരത്തോടെ പഠനം പൂർത്തിയാകും. 1.4 കോടി രൂപയാണ് കേരള വനം-വന്യജീവി വകുപ്പ് പഠനത്തിനായി ചെലവഴിക്കുന്നത്.
അറിയാം വനങ്ങളുടെ
ജല സംഭരണശേഷി
വനങ്ങളിൽ ലഭ്യമാകുന്ന മഴയുടെ അളവ്, അതിനനുസരിച്ചുള്ള നീരൊഴുക്ക്, ബാഷ്‌പീകരണ തോത്, ഭൂഗർഭ ജലം തുടങ്ങി വിവരങ്ങളാണ് സംഘം ശേഖരിച്ചത്. ഈ കണക്കുകൾ ലഭ്യമായാൽ കേരളത്തിലെ വനങ്ങൾ എത്രമാത്രം വെള്ളം ശേഖരിക്കാൻ കഴിയുന്നതാണെന്നും എത്ര കാലം ഇവയ്ക്ക് മഴവെള്ളം ശേഖരിച്ച് വെക്കാൻ കഴിയും എന്ന് കണ്ടെത്താനാകും. മാത്രമല്ല, ഏതൊക്കെ മേഖലകളിൽ, എത്ര അളവിൽ പ്രളയ സാദ്ധ്യതയെന്നും കണ്ടെത്താം. ഏതെല്ലാം തരത്തിലുള്ള വനങ്ങൾക്കാണ് കൂടുതൽ വെള്ളം സംഭരിക്കാൻ സാധിക്കുക എന്ന് കണ്ടെത്തി അവ സംരക്ഷിക്കുന്നതിലൂടെ ജലദൗർലഭ്യം ഇല്ലാതാക്കാൻ സാധിക്കും. മഴയുടെ അളവ് നോക്കി കാടുകളിൽ നിന്നുള്ള നീരൊഴുക്കും ഭൂഗർഭ ജലത്തിന്റെ തോതും നിർണയിക്കാം. വനങ്ങളുടെ സംരക്ഷണ നടപടികളും അനുബന്ധ പദ്ധതികളും നടപ്പാക്കാനും പഠന റിപ്പോർട്ട് സഹായകമാവും. വനത്തിലെ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ഗുണകരമാകും.
''വരുംകാലങ്ങളിൽ പ്രളയ പ്രതിരോധ മാർഗങ്ങൾ മുൻകൂറായി നടപ്പാക്കാൻ നിർണായക ഘടകമായി ഈ റിപ്പോർട്ട് ഉപയോഗിക്കാനാകും''- ഡോ. മനോജ് പി സാമുവൽ, സി.ഡബ്ല്യു.ആർ.ഡി.എം ഡയറക്ടർ, പഠനപദ്ധതി കോ–-ഓർഡിനേറ്റർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |