കോഴിക്കോട്: ഇന്ന് തുടങ്ങുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് പൂർണ സജ്ജമായി ജില്ല. താമരശ്ശേരി, വടകര, കോഴിക്കോട് വിദ്യാഭ്യാസ ജില്ലകളിലായി 206 പരീക്ഷകേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. 43, 904 കുട്ടികൾ ഇവിടെ പരീക്ഷയെഴുതും. കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലാണ് - 72. കോഴിക്കോട് - 70, വടകര - 64 എന്നിങ്ങനെയാണ് കണക്കുകൾ. കുറവ് കേന്ദ്രങ്ങളുള്ള വടകര വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത് 16,022 പേർ. കോഴിക്കോട് 12,688 വിദ്യാർത്ഥികളും താമരശ്ശേരിയിൽ 15,194 വിദ്യാർത്ഥികളും പരീക്ഷയെഴുതും. ജില്ലയിൽ ഇത്തവണയും ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലാണ്. 1067 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതുന്നത് കോഴിക്കോട് പറയഞ്ചേരി ജി.എച്ച്.എസ്.എസിലാണ്. ആറ് പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്. ജില്ലയിൽ ഏഴ് വിദ്യാർത്ഥികൾ പ്രെെവറ്റായും പരീക്ഷയെഴുതും. 1500 കുട്ടികൾക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ പരീക്ഷ ആനുകൂല്യങ്ങൾ ലഭിക്കും.പരീക്ഷാ നടത്തിപ്പിനായി ചീഫ് ഇൻവിജിലേറ്റർമാരെയും ഡെപ്യൂട്ടി ചീഫ് ഇൻവിജിലേറ്റർമാരെയും നിയമിച്ചു. 3000 അദ്ധ്യാപകരെ പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ചോദ്യ പേപ്പർ പരീക്ഷാദിവസങ്ങളിൽ കേന്ദ്രങ്ങളിലെത്തിക്കാനും പരീക്ഷാ മോണിറ്ററിംഗിനായി ഉപജില്ലാതലം മുതൽ പ്രത്യേക സ്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ടെന്ന് ഡി.ഡി.ഇ സി.മനോജ് കുമാർ പറഞ്ഞു. ഐ.ടി പരീക്ഷ നേരത്തെ പൂർത്തിയായതിനാൽ ഒമ്പത് പരീക്ഷകളാണ് നടക്കാനുള്ളത്. ഇന്ന് രാവിലെ മലയാളം പരീക്ഷയോടെ തുടങ്ങി. മാർച്ച് 26 ന് ബയോളജി പരീക്ഷയോടെയാണ് പത്താംക്ലാസ് പരീക്ഷകൾ അവസാനിക്കുക.
പ്ലസ് ടു പരീക്ഷയും ഇന്നു മുതൽ
ഹയർ സെക്കൻഡറി പരീക്ഷയും ഇന്നു മുതൽ ആരംഭിക്കും. ആദ്യ ദിവസം പ്ലസ് ടു വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരീക്ഷയാണ് നടക്കുക. പ്ലസ് വൺ പരീക്ഷ തുടങ്ങുന്നത് ആറിന് ആണ്. പ്ലസ് ടു പരീക്ഷ 26 നും പ്ലസ് വൺ പരീക്ഷ 29 നുമാണ് അവസാനിക്കുന്നത്.
'' അക്കാഡമിക് പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരീക്ഷയെ കാണേണ്ടത്. വിദ്യാർത്ഥികൾക്ക് എന്ത് ബുദ്ധിമുട്ടുണ്ടായാലും അദ്ധ്യാപകരെയും രക്ഷിതാക്കളെയും ഉടൻ തന്നെ അറിയിക്കണം. ജില്ലയിൽ പരീക്ഷയെഴുതുന്ന എല്ലാവർക്കും ആശംസകൾ.
- സി.മനോജ് കുമാർ , ഡി.ഡി.ഇ കോഴിക്കോട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |