SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

വയനാട്ടിൽ ചർച്ചാവിഷയം തറക്കല്ലും ബ്രഹ്മഗിരിയും

mudakkai
mudakkai

കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വയനാട്ടിൽ പ്രധാനമായും ചർച്ചയാകുന്നത് തറക്കല്ലും ബ്രഹ്മഗിരിയും . മുണ്ടക്കൈ ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോൺഗ്രസ് ആവിഷ്‌കരിച്ച പുനരധിവാസ പദ്ധതി തറക്കല്ലിൽ ഒതുങ്ങി എന്നാണ് എൽ.ഡി.എഫ് പ്രചാരണ രംഗത്ത് നിരത്തുന്നത്. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി കഴിഞ്ഞ മാസം 26ന്‌ മേപ്പാടിയിലെ കുന്നമ്പറ്റയിൽ നേരിട്ടെത്തി പുനരധിവാസ പദ്ധതിക്ക് തറക്കല്ലിട്ടിരുന്നു. ദിവസം ഇത്രയായിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. മാദ്ധ്യമങ്ങൾ തുടർച്ചയായി വാർത്ത നൽകാൻ തുടങ്ങിയതോടെ പുനരധിവാസ പദ്ധതിയുടെ ഭൂമിക്ക് ചുറ്റുംവേലി കെട്ടാൻ ആരംഭിച്ചു. ഉയരത്തിൽ മറച്ചു കെട്ടാനാണ് തുടങ്ങിയത്. പുനരധിവാസത്തിന്റെപേരിൽ കണക്കില്ലാതെ പണം പിരിക്കുകയും വക മാറ്റി ചെലവഴിക്കുകയും ചെയ്തതെന്നാണ് എൽ.ഡി.എഫ് കുറ്റപ്പെടുത്തുന്നത്. സർക്കാർ നൽകിയ വാക്ക് ടൗൺഷിപ്പിലൂടെ നിറവേറ്റിയപ്പോൾ കോൺഗ്രസ് ദുരന്തബാധിതരെ പറഞ്ഞു പറ്റിക്കുകയാണ്. ഇതിന്റെ നേർക്കാഴ്ചയാണ് കുന്നമ്പറ്റയിൽ ഉള്ളതെന്ന് എൽ.ഡി.എഫ് പറയുന്നു. സംസ്ഥാന സർക്കാരിന്റെ പ്രധാന പദ്ധതികളിൽ രണ്ടെണ്ണം കൽപ്പറ്റ മണ്ഡലത്തിലാണ് നടപ്പിലാക്കുന്നത്. മാതൃകാ ടൗൺഷിപ്പും ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്ക പാതയും. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും എൽ.ഡി.എഫ് പ്രധാനമായും ചർച്ചയാക്കുന്നത് തുരങ്കപാത തന്നെയാണ്. വയനാട്‌, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാത സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണെന്ന് എൽ.ഡി.എഫ്‌ നേതാക്കൾ പറയുന്നു.
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ തന്നെ യു.ഡി.എഫിന് വീണുകിട്ടിയ ആയുധമായി ബ്രഹ്മഗിരി മാറി. സി.പി.എം നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്ന ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ച നിക്ഷേപകരെ പാർട്ടി കബളിപ്പിച്ചെന്നാണ് കോൺഗ്രസ് ആരോപണം. പാർട്ടി പ്രവർത്തകൻ കൂടിയായ കൽപ്പറ്റ സ്വദേശി മാട്ടിൽ നൗഷാദ് ബ്രഹ്മഗിരി ആസ്ഥാനത്തെത്തി പെട്രോൾ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയത് വിവാദമായിരുന്നു. സ്വന്തം പ്രവർത്തകരെ കബളിപ്പിക്കുന്ന സി.പി.എം പൊതുസമൂഹത്തോട് മാപ്പു പറയണമെന്ന് യു.ഡി.എഫ്‌ നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്.
ഏപ്രിൽ ഒന്നിനകം നൗഷാദ് ഉൾപ്പെടെയുള്ള നിക്ഷേപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് ബ്രഹ്മഗിരി അധികൃതർ ഉറപ്പുനൽകിയത്. അതേസമയം പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ സി.പി.എം പാർട്ടി ആസ്ഥാനത്തേക്ക് മാർച്ച് നടത്താനും നിക്ഷേപകർ ഒരുങ്ങുന്നുണ്ട്. മുണ്ടക്കൈ ഉരുൾ ദുരന്തത്തെ തുടർന്ന്‌ കേരളത്തെ കേന്ദ്രസർക്കാർ അവഗണിച്ചെന്ന ആരോപണമാണ് ബിജെപിക്കെതിരെ എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ നിരത്തുന്നത്. രാജ്യം കണ്ട മഹാദുരന്തങ്ങളിൽ ഒന്നായിട്ടും വലിയ അവഗണനയാണ്‌കേന്ദ്രസർക്കാർ കാണിക്കുന്നത്. അതേസമയം കൽപ്പറ്റയിൽ ഉയരുന്ന ടൗൺഷിപ്പ് പദ്ധതിപോലും കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കിയതെന്ന് തെളിവുകൾ സഹിതം പുറത്തുവിട്ടാണ് ബി.ജെ.പി നേതാക്കൾ ഇതിനെ പ്രതിരോധിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL