SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

11 രണ്ടാവുമോ, രണ്ട് 11ആവുമോ..! കോഴിക്കോട് പിടിക്കാൻ മുന്നണികൾ

kelu
kelu

കോഴിക്കോട്: വിമതശബ്ദങ്ങളെല്ലാം ഒതുക്കി മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളുമായിട്ടിറങ്ങിയതോടെ കോഴിക്കോട്ട് പോരാട്ടം കനത്തു. ആദ്യ സ്ഥാനാർത്ഥിപ്പട്ടിക സി.പി.എമ്മും സി.പി.ഐയും പുറത്തുവിട്ടപ്പോൾ പിന്നാലെ കോൺഗ്രസും ലീഗും രംഗത്തിറങ്ങി. എലത്തൂരിൽ എൻ.സി.പി മൂന്നാംതവണയും എ.കെ.ശശീന്ദ്രന് സീറ്റ് നൽകി. ബാക്കിയായ രണ്ടു മണ്ഡലം വടകരയും കൊടുവള്ളിയുമായിരുന്നു. ബുധനാഴ്ച മൂന്ന് മുന്നണികൾക്കും അവിടേയും സ്ഥാനാർത്ഥികളായി. ഇനി വരാനുള്ളത് അപരൻമാരും എസ്.ഡി.പി.ഐ, വെൽഫയർപാർട്ടി തുടങ്ങിയവരുമാണ്. ഇരുകൂട്ടരും യു.ഡി.എഫിന് പിന്തുണ നൽകുമെന്ന് ഏതാണ്ട് ഉറപ്പായതിനാൽ അതിൽ പ്രത്യേകിച്ച് ആശങ്കയൊന്നുമില്ല.

13മണ്ഡലങ്ങളിൽ നിലവിൽ 11ഉം ഇടതുപക്ഷത്താണ്. രണ്ടെണ്ണം യു.ഡി.എഫിൽ. കൊടുവള്ളിയിൽ ലീഗും വടകരയിൽ ആർ.എം.പിയും ജയിച്ചതൊഴിച്ചാൽ കഴിഞ്ഞ 20വർഷമായി കോൺഗ്രസിന് അവകാശപ്പെടാൻ ഒറ്റ സീറ്റുമില്ല. നിലവിൽ ആറുസീറ്റിൽ മത്സരിക്കുന്ന കോൺഗ്രസിന് ഇത്തവണ അഞ്ച് സീറ്റാണുള്ളത്. എലത്തൂർ, കോഴിക്കോട് നോർത്ത്, കൊയിലാണ്ടി, നാദാപുരം, ബാലുശ്ശേരി. കഴിഞ്ഞ തവണ ബേപ്പൂർകൂടിയുണ്ടായിരുന്നു. എന്നാൽ ഇത്തവണ ബേപ്പൂരിൽ തൃണമൂൽകോൺഗ്രസ് സ്ഥാനാർത്ഥിയായി അൻവറെത്തിയതോടെ ആ സീറ്റ് നഷ്ടമായി.

20വർഷത്തിനുശേഷം ഒറ്റ സീറ്റുമില്ലാത്ത അവസ്ഥയിലാണ് കോൺഗ്രസ്. പി.ശങ്കരൻ കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് നോർത്തിൽ എ.സുജനപാലും ജയിച്ച് മന്ത്രിമാരായ ചരിത്രമുള്ളതാണ് കോഴിക്കോട്ടെ കോൺഗ്രസിന്. പക്ഷെ അതിനുശേഷം എവിടേയും നിലം തൊട്ടില്ല.

സീറ്റ് നിലനിർത്താൻ എൽ.ഡി.എഫ്

വടകരയും കൊടുവള്ളിയും ഒഴിച്ച് ബാക്കിയുള്ള സീറ്റുകളെല്ലാം നിലനിർത്തുകയെന്നതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് സിറ്റിംഗ് എം.എൽ.എമാരെയെല്ലാം പ്രായവും ടേമുമൊന്നും നോക്കാതെ മത്സരിപ്പിക്കുന്നത്. താത്പ്പര്യമില്ലെന്നറിയിച്ചിട്ടും എൽ.ഡി.എഫ് കൺവീനർകൂടിയായ ടി.പി.രാമകൃഷ്ണനെ പേരാമ്പ്രയിൽ ഇറക്കിയതും ഇത്തരമൊരു ലക്ഷ്യത്തോടെ.

തീപ്പാറും, ബേപ്പൂരിൽ
വികസനപ്രവർത്തനങ്ങളുടെ നേട്ടങ്ങളുമായി മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ വീണ്ടും ഇറങ്ങുമ്പോൾ പി.വി.അൻവറിനായി സീറ്റ് വിട്ടുകൊടുത്ത് അരയും തലയും മുറുക്കി കോൺഗ്രസും ലീഗും ഒപ്പത്തിനൊപ്പമുണ്ട്. മാസങ്ങളായി അൻവർ ബേപ്പൂരിൽ താമസിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഈ നാട്ടിലും നാട്ടുകാരിലും ഇടതുപക്ഷം ഹൃദയപക്ഷമാണെന്ന് കൊത്തിവെച്ചിട്ടുണ്ടെന്നാണ് റിയാസ് പറയുന്നത്.


@ ആർ.ജെ.ഡിക്ക് കോഴിക്കോട്ട് രണ്ട് സീറ്റ്..!

ഔദ്യോഗികമായി കോഴിക്കോട്ട് ആർ.ജെ.ഡിയുടെ സീറ്റ് വടകരയാണ്. അവിടെ മത്സരിക്കുന്നത് ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്‌കരനാണ്. യു.ഡി.എഫ് പിന്തുണയിൽ ആർ.എം.പി.ഐ നേതാവും സിറ്റിംഗ് എം.എൽ.എയുമായ കെ.കെ.രമ മത്സര രംഗത്തുള്ളപ്പോൾ ആർ.ജെ.ഡിയുടെ പല പ്രമുഖരും മത്സരത്തിന് വിമുഖത കാട്ടിയതോടെയാണ് ഭാസ്‌കരന് നറുക്ക് വീണത്. അതേസമയം തുടക്കം മുതൽ ഒരു സീറ്റ് കൂടുതൽ ചോദിച്ച ആർ.ജി.ഡിക്ക് വീണുകിട്ടിയ സീറ്റായി കൊടുവള്ളി. സ്വതന്ത്രനായി കൊടുവള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരിക്കുന്നത് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂരാണ്. സി.പി.എം നിർദ്ദേശിച്ച സ്ഥാനാർത്ഥിയാണ് സലീമെങ്കിലും പാർട്ടി ജനറൽ സെക്രട്ടറിയായി തുടരുന്ന സാഹചര്യത്തിൽ ജയിച്ചാൽ ആർ.ജെ.ഡിയുടെ അക്കൗണ്ടിലാവും സീറ്റ്. ഫലത്തിൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ സീറ്റുള്ള ഘടക കക്ഷി ആർ.ജെ.ഡിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL