SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

തിരഞ്ഞെടുപ്പിന് സജ്ജമെന്ന് ജില്ലാ കളക്ടർ

col
ജില്ലാ കളക്ടർ

കോഴിക്കോട്: പരസ്യപ്രചാരണത്തിന് ഇന്ന് സമാപനമാകും. ജനവിധിയെഴുതാൻ കേരളം വ്യാഴാഴ്ച പോളിംഗ് ബൂത്തിലെത്തും. മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കളം നിറയുമ്പോൾ വോട്ടടുപ്പിന് ജില്ലയും പൂർണ സജ്ജം. പ്രശ്നങ്ങളൊന്നുമില്ലാതെ വോട്ടെടുപ്പ് പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി ജില്ലാ വരണാധികാരികൂടിയായ കളക്‌ടർ സ്നേഹിൽ കുമാർ സിംഗ് പറയുന്നു.

 തിരഞ്ഞെടുപ്പ് സ്ഥിതിഗതികൾ

വിലയിരുത്തുമ്പോൾ ?

മറ്റ് ജില്ലകളെ അപേക്ഷിച്ച് പ്രശ്നബാധിത പ്രദേശമായി തോന്നിയിട്ടില്ല. വോട്ടർമാർക്ക് മികച്ച സൗകര്യങ്ങൾ നൽകി സുഖകരമായ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വോട്ടിംഗ് ശതമാനം ഇത്തവണ കൂടുമെന്ന് നല്ല പ്രതീക്ഷയുണ്ട്.

 ക്രമീകരണങ്ങൾ?

2837 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇവയിൽ ഓരോ മണ്ഡലത്തിലും ഒരെണ്ണം വീതം മാതൃകാ പോളിംഗ് സ്റ്റേഷനുകളും 67 എണ്ണം പോളിംഗ് ഉദ്യോഗസ്ഥരായി വനിതകൾ മാത്രമുള്ള പിങ്ക് പോളിംഗ് സ്റ്റേഷനുകളുമാണ്. ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്ന ഒരു വോട്ടിംഗ് സ്‌റ്റേഷനുണ്ട്. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ ബൂത്ത് നമ്പർ 48 കാരപ്പറമ്പ് ഹൈസ്‌ക്കൂളാണ്. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം എട്ടിന് രാവിലെ എട്ട് മുതൽ നിയോജക മണ്ഡലംതല കേന്ദ്രങ്ങളിൽ നടക്കും.

 സൗകര്യങ്ങൾ, ഒരുക്കങ്ങൾ?

വോട്ടർമാരുടെ ഫോൺ സൂക്ഷിക്കാൻ ഓരോ ബൂത്തുകൾക്കും മുൻപിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഫോണുകൾ വോളണ്ടിയർമാർ സൂക്ഷിക്കും. വോട്ട് ചെയ്ത് തിരികെ പോകുമ്പോൾ അവ നൽകും. കള്ളവോട്ട്, ആൾമാറാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുകൾ തടയുന്നതിനായി ബൂത്തുകളിൽ അകത്തും പുറത്തും വെബ്കാസ്റ്റിംഗ് സംവിധാനമുണ്ടാകും. വോട്ടെടുപ്പിന്റെ മുഴുവൻ ദൃശ്യങ്ങളും സി.സി.ടി.വി ക്യാമറ വഴി കൺട്രോൾ റൂമിൽ നിന്ന് തത്സമയം നിരീക്ഷിക്കും. വോട്ടർമാരെ സഹായിക്കാൻ എൻ.എസ്.എസ്, എൻ.സി.സി സന്നദ്ധപ്രവർത്തകർ എന്നിവരും പോളിങ് സ്റ്റേഷനുകളിലുണ്ടാകും.

 പ്രശ്നബാധിത പ്രദേശങ്ങൾ? സുരക്ഷ?

351 പ്രശ്നസാധ്യതാ ബൂത്തുകളാണുള്ളത്. ഇവിടങ്ങളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് റൂറൽ പരിധിയിൽ മാത്രം 1600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇതിനുപുറമെ 1000-ത്തിലധികം കേന്ദ്ര സേനാംഗങ്ങളും സുരക്ഷാ ചുമതലയിലുണ്ടാകും. പൊലീസിന് പുറമെ മൈക്രോ ഒബ്സർവർമാരെയും പ്രശ്ന ബാധിത ബൂത്തുകളിൽ നിയോഗിക്കും. പോളിംഗ് ഡ്യൂട്ടിക്കായി 13218 ഉദ്യോഗസ്ഥരാണുള്ളത്. പോളിംഗ് ഉദ്യോഗസ്ഥരെ ബൂത്തുകളിൽ എത്തിക്കുന്നതിനായി സർക്കാർ വാഹനങ്ങൾക്ക് പുറമെ 1217 സ്വകാര്യ വാഹനങ്ങളുണ്ടാകും.

വോട്ടെടുപ്പുശേഷം ?

വോട്ടെടുപ്പിന് ശേഷം വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ മടപ്പള്ളി ഗവ. കോളേജിലും തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളിലെത് കൂടത്തായി സെന്റ് മേരി എച്ച്.എസ്.എസിലും സജ്ജമാക്കിയ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും. ബാക്കി മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ ജെഡിടി ഇസ്ലാം വെള്ളിമാട്ക്കുന്നിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും. മടപ്പള്ളി ഗവ. കോളേജ്, കൂടത്തായി സെന്റ് മേരി എച്ച്.എച്ച്.എസ്, ജെ.ഡി.ടി ഇസ്ലാം വെള്ളിമാടുകുന്ന് എന്നിവയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL