SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.04 AM IST

ചൂടാണ്, സൂക്ഷിക്കണം ഇഴഞ്ഞെത്തും അപകടം

snake
പാമ്പ്

കോഴിക്കോട്: വേനൽച്ചൂട് കൂടിയതോടെ തണുപ്പ് തേടിയെത്തുന്ന പാമ്പുകളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി സർപ്പ വിദഗ്ദർ. ശരീരത്തിലെ താപനില നിയന്ത്രിക്കാനാണ് പാമ്പുകൾ തണുപ്പുള്ള സ്ഥലങ്ങൾ തേടുന്നത്. ഇത്തരത്തിൽ വീടിനകത്തും ശുചിമുറികളിലുമെല്ലാം ഇവ എത്താൻ സാദ്ധ്യത കൂടുതലാണ്. സൂക്ഷിച്ചില്ലെങ്കിൽ കടിയേൽക്കാം. ചൂടുകാലം പാമ്പുകളുടെ പ്രജനനസമയം കൂടിയായതിനാൽ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ കൂടുതലായും ഈ സമയത്ത് കാണാൻ സാധിക്കും. കുഞ്ഞാണെങ്കിലും വിഷമുള്ള ഇവ തങ്ങളുടെ ഒളിത്താവളം കണ്ടെത്താനായി തുടർച്ചയായി സഞ്ചരിക്കും. ഇങ്ങനെ സഞ്ചരിക്കുന്ന പാമ്പിൻ കുഞ്ഞുങ്ങൾ വീടിനോട് ചേർന്നുള്ള ഇടങ്ങളിലോ തണുത്ത പ്രദേശങ്ങളിലോ താവളം കണ്ടെത്തും. സാധാരണയായി ജലസംഭരണികൾ, കുളിമുറികൾ, ഗോവണിപ്പടികൾ, എന്നിങ്ങനെയുള്ള തണുത്ത ഇടങ്ങളിലാണ് പാമ്പുകൾ കയറിക്കൂടുക. കേരളത്തിൽ കാണുന്ന മൂർഖൻ, വെള്ളിക്കെട്ടൻ, അണലി എന്നിവയുടെ കുഞ്ഞുങ്ങളാണ് ഈ സമയങ്ങളിൽ കൂടുതലായും കാണുക. വീടിനോട് ചേർന്നുള്ള വള്ളിച്ചെടികളിലൂടേയോ മരങ്ങളിലൂടെയോ പാമ്പുകൾ വീടിനകത്ത് കയറിപ്പറ്റും

കഴിഞ്ഞ വർഷം മരണം 16

കഴിഞ്ഞ വർഷം സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് 16 പേരാണ് മരിച്ചത്. 24-25 ൽ 34 പേർ മരിച്ചു. തൃശൂരിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസുകാരൻ മരിച്ചതാണ് ഈ വർഷത്തെ ആദ്യ കേസ്. അതേസമയം പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി വനംവകുപ്പ് ആവിഷ്കരിച്ച സർപ്പ മൊബൈൽ ആപ്ലിക്കേഷൻ വഴി മരണനിരക്ക് കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. പാമ്പുകളെ പിടികൂടുന്നതിനായി 1600 പേരെയാണ് വനംവകുപ്പ് പരിശീലിപ്പിച്ചിട്ടുള്ളത്. ജില്ലയിൽ മാത്രം 250 സർപ്പ വൊളന്റിയേഴ്സ് പ്രവർത്തിക്കുന്നു.

 വേണം ശ്രദ്ധ

1.ഇരുട്ടും മുമ്പ് വീടിന്റ അകവും പുറവും നന്നായി വീക്ഷിക്കുക

2. വാതിലുകളും ജനലുകളും സുരക്ഷിതമായി അടച്ചിടുക

3.പക്ഷികളെ വളർത്തുന്ന വീട്ടുകാർ അവയെ പ്രത്യേകം ശ്രദ്ധിക്കുക

4. മുറികളിൽ ബെഡ് ഷീറ്റുകൾ തട്ടിവിരിച്ച് കിടക്കുക

5.വീടിനോട് ചേർന്ന് പടരുന്ന ചെടികൾ ഒഴിവാക്കണം.

6.വാതിൽ തുറന്നിടരുത്. ചുവരിനോട് ചേർന്നാണ് ഇഴജന്തുക്കൾ സഞ്ചരിക്കുന്നത്.

7.നിർത്തിയിട്ട വാഹനങ്ങളിൽ കയറും മുമ്പ് അകം നന്നായി പരിശോധിക്കുക

8.ഹെൽമറ്റ്, ഷൂസ്,​ ജാക്കറ്റ് എന്നിവ നന്നായി പരിശോധിച്ച ശേഷം ധരിക്കുക

''പാമ്പുകൾ വളരെ അസ്വസ്ഥരാകുന്ന സമയമാണ് ചൂടുകാലം. വിരിഞ്ഞിറങ്ങുന്ന പാമ്പിൻ കുഞ്ഞുങ്ങൾക്ക് വലിയവയേക്കാൾ വിഷം കൂടുതലുള്ളവയാണ്. അതിനാൽ ജാഗ്രത പാലിക്കണം. വീടും പരിസരവും നന്നായി ശ്രദ്ധിക്കണം''-മുഹമ്മദ് അൻവർ, അസി. ഫോറസ്റ്റ് കൺസർവേറ്റർ,

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL