SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

ആഴങ്ങളിൽ, അപകടമൊളിപ്പിച്ച് കടന്തറ പുഴ

news-
കടന്തറ പുഴ

കുറ്റ്യാടി: കാഴ്ചയിൽ ശാന്തമാണെങ്കിലും, ആഴങ്ങളിൽ അപകടമൊളിപ്പിച്ചാണ് കടന്തറപുഴ ഒഴുകുന്നത്. അപകടം അടുത്താണെന്നറിയാതെ ഈ പുഴയിലിറങ്ങി ജീവൻ നഷ്ടപ്പെട്ടവരേറെ. പുഴയെക്കുറിച്ചറിയാതെ ദൂരദേശങ്ങളിൽ നിന്നും എത്തിയവരാണ് മരണപ്പെട്ടവരിൽ അധികംപേരും. ജാനകിക്കാട് ഇക്കോ ടൂറിസം സെന്ററിനോട് ചേർന്നാണ് കടന്തറ പുഴ ഒഴുകുന്നത്. കടന്തറ പുഴയിലും കുറ്റ്യാടി പുഴയിലും ഒളിഞ്ഞിരിക്കുന്ന അപായക്കെണികളിൽ ചിലപ്പോൾ അടുത്തറിയുന്നവർ പോലും അകപ്പെട്ടിട്ടുണ്ട്.

കാഴ്ചയിൽ ആഴം കുറഞ്ഞ് തെളിനീരാണെന്ന് തോന്നുമെങ്കിലും അപ്രതീക്ഷിതമായി വെള്ളം ഉയരുന്നതും, കയങ്ങൾ രൂപപെടുന്നതും എപ്പോഴാണെന്ന് പറയാൻ കഴിയില്ല. ജാനകിക്കാട്, ചവറംമൂഴി, പറമ്പിൽ മീന്‍തുള്ളിപ്പാറ ഭാഗങ്ങളിലെ അപകടാവസ്ഥ ഏറെ ഭീതിജനകമാണ്. ജീവനെടുക്കാനിടയുള്ള ഒട്ടേറെ ചതിക്കുഴികൾ ഈ ഭാഗങ്ങളിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. കുറ്റ്യാടി,കടന്തറ പുഴകളിൽ അഞ്ച് വർഷത്തിനിടയിൽ പത്തിലധികം പേർ അപകട മരണത്തിനിടയായിട്ടുണ്ട്. വെള്ളത്തിലിറങ്ങിയാല്‍ അപകടത്തിൽപെടുമെന്നും അതിനാല്‍ വെള്ളത്തിലിറങ്ങിയുള്ള സാഹസത്തിന് മുതിരരുതെന്നുമുള്ള മുന്നറിയിപ്പുകൾ ഓർമ്മിപ്പിക്കാറുണ്ടെങ്കിലും പല ഭാഗങ്ങളിൽ നിന്നും പുഴകാണാനെത്തുന്നവർ ഇവ പാലിക്കാറില്ലെന്നാണ് നാട്ടുകാർക്ക് പരാതി. എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാൻ സാദ്ധ്യതയുള്ള പാറക്കെട്ടുകളിലും, ചെങ്കുത്തായ പാറയിടുക്കുകളിലും അപകടം പതിഞ്ഞിരിക്കുന്നുണ്ട്. സാഹസിക ബുദ്ധിയുമായി പാറക്കെട്ടുകളിലൂടെ ഊര്‍ന്നിറങ്ങാന്‍ സാധിക്കുമെങ്കിലും തിരികെ കയറുക പ്രയാസമാണ്. മാത്രമല്ല, പാറക്കെട്ടുകളുടെ ഉൾവശം വിഷപ്പാമ്പുകളുടെയും മറ്റ് ജീവികളുടെയും ആവാസകേന്ദ്രവുമാണ്.

മഴക്കാലങ്ങളില്‍ പാറക്കെട്ടുകളിലെ ഉൾവശങ്ങളിൽ വെള്ളം കയറുന്നതിനാൽ ആഴം മനസിലാക്കാൻ കഴിയില്ല. കഴിഞ്ഞ ഏതാനും നാളുകൾക്ക് മുൻപാണ് പുഴയിലെത്തിയ യുവതിയെയും രണ്ട് കുട്ടികളെയും പരിസരവാസിയായ യുവാവ് സാഹസികമായി രക്ഷപ്പെടുത്തിയത്. മറ്റൊരു പതിനഞ്ചുകാരൻ കഴിഞ്ഞ ദിവസം പുഴയിലെ കയത്തിലേക്ക് ആഴ്ന്നുപോയി നാട്ടുകാർ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗ്രാമ പഞ്ചായത്തും, മറ്റ് സന്നദ്ധ സംഘടനകളും പുഴയോരങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഇവിടെയെത്തുന്നവർ പലരും ഇത് മുഖവിലയ്ക്കെടുക്കാറില്ല. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടുപിടിച്ച് ഇവിടെയെത്തി അപകടത്തിൽ പെടുന്നവരും നിരവധിയാണ്.

വേനല്‍ക്കാലങ്ങളില്‍ ഇവിടെ ധാരാളം സന്ദര്‍ശകര്‍ എത്തിച്ചേരാറുണ്ട്.വിനോദ സഞ്ചാരികൾ നാട്ടുകാരുടെ ഉപദേശങ്ങൾ കേൾക്കണം. ഒപ്പം പുഴയുടെ ഗതി വിഗതികൾ സൂക്ഷ്മതയോടെ നീക്ഷിക്കുകയും വേണം.

സി.പി. ബാബുരാജ് .

മുൻ ജനപ്രതിനിധി, സാമൂഹ്യ പ്രവർത്തകൻ

മറ്റ് പ്രദേശങ്ങളിൽ നിന്നും ഇവിടേക്കെത്തുന്നവർ അപകടത്തിൽ പെടുമ്പോൾ ഏറെ പ്രയാസപ്പെടുന്നത് നാട്ടുകാരാണ്. പ്രദേശവാസികൾ കാവലിരിക്കേണ്ട അവസ്ഥയിലാണ്.

-കെ സി സൈനുദീൻ

നാട്ടുകാരൻ, സാമൂഹ്യ പ്രവർത്തകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL