SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

ഡെങ്കിപ്പനിയിൽ വിറയ്ക്കുന്നു ഒരാഴ്ചയ്ക്കിടെ 110 രോഗികൾ

danki
ഡെങ്കിപ്പനി

കോഴിക്കോട്: കനത്തചൂടും ഇടവിട്ട വേനൽമഴയും ജില്ലയിൽ ഡെങ്കിപ്പനി ബാധിതർ കൂടുന്നു. ഒരാഴ്ചയ്ക്കിടെ (മേയ് 1 - 7) 110 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 250 ഓളം പേർ രോഗ ലക്ഷണങ്ങളുമായി വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരും ചേർന്നാൽ എണ്ണം ഇരട്ടിയാവും. നരിപ്പറ്റ, തിരുവള്ളൂർ, ബാലുശ്ശേരി, കട്ടിപ്പാറ, നരിക്കുനി, താമരശ്ശേരി, തിരുവമ്പാടി, ചൂലൂർ, കോടഞ്ചേരി, കുരുവട്ടൂർ എന്നിവിടങ്ങളിലാണ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒളവണ്ണയിൽ 50, ചെറുവണ്ണൂരിൽ 13 , മേപ്പയൂരിൽ 12 പേർക്കും രോഗം സ്ഥിരീകരിച്ചു. നന്മണ്ട, കുന്ദമംഗലം, ബേപ്പൂർ, വെസ്റ്റ് ഹിൽ എന്നിവിടങ്ങളിലും തീരദേശ മേഖലകളായ വരയ്ക്കൽ ബീച്ച്, ചെട്ടിക്കുളം, നടക്കാവ്, പുതിയങ്ങാടി എന്നിവിടങ്ങളിലും രോഗം പടരുന്നതായാണ് വിവരം. കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ കൊതുക് പെരുകുന്നത് തടയാൻ കർശനമായ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

ലക്ഷണങ്ങൾ

പനിയോടൊപ്പം കഠിനമായ തലവേദന, കണ്ണിന് പിന്നിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങ

ൾ. ചിലരിൽ ശരീരത്തിൽ ചുവന്നുതടിച്ച പാടുകളും കണ്ടുവരുന്നു. തുടർച്ചയായ ഛർദ്ദി, ശക്തമായ വയറുവേദന, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത നിറത്തിലുള്ള മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട് എന്നിവയെ ഗൗരവമായി കാണണം. ശരീരം തണുത്ത് മരവിക്കുകയോ അമിതമായ തളർച്ച അനുഭവപ്പെടുകയോ ചെയ്യുന്നത് ആന്തരിക പ്രശ്നങ്ങളുടെ സൂചനയാകാം. രക്തസമ്മർദ്ദം വല്ലാതെ താഴുന്നതും കുട്ടികളിൽ നിറുത്താതെയുള്ള കരച്ചിലും ഡെങ്കിപ്പനിയുടെ അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.

കൊതുക് പെരുകാൻ സാദ്ധ്യത

ഫ്രിഡ്ജിന്റെ അടിയിലെ ട്രേ, മണിപ്ലാന്റ് ചട്ടികൾ, ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ടയറുകൾ, വിറക് മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർപോളിൻ, റബർ പാൽ ശേഖരിക്കുന്ന ചിരട്ടകൾ, കമുക് പാളകൾ. നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകൾ, ടെറസ്, സൺഷേഡ്, പാത്തികൾ എന്നിവിടങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്.

പ്രതിരോധ മാർഗം


ശരീരം പൂർണമായും മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.

കൊതുക് നിവാരണികൾ ഉപയോഗിക്കുക.

പൂർണമായി വിശ്രമിക്കുക.

ധാരാളം വെള്ളം കുടിക്കുക.


ഇടവിട്ടുള്ള മഴയിൽ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകൾ പെരുകാനിടയാക്കും. ആഴ്ചയിലൊരിക്കൽ വീടുകളിൽ കൃത്യമായി 'ഡ്രൈ ഡേ' ആചരിക്കുകയും കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുകയും ചെയ്താലേ ഡെങ്കിപ്പനിയെ പ്രതിരോധിക്കാനാകൂ.


-ഡോ.കെ.കെ. രാജാറാം

ജില്ല മെഡിക്കൽ ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL