കെട്ടിടങ്ങളും ആധുനിക സംവിധാനങ്ങളും ചികിത്സയുമെല്ലാം മെച്ചപ്പെടുമ്പോഴും അതിനനുസരിച്ചുള്ള സ്റ്റാഫ് പാറ്റേണിൽ മാറ്രം വരാത്തത് മൂലം ഊണും ഉറക്കവുമില്ലാതെ ജോലി ചെയ്യേണ്ട സ്ഥിതിയിലാണ് ഡോക്ടർമാരും നഴ്സുമാരുമെല്ലാം. കോഴിക്കോട്ടെയും സമീപ ജില്ലകളിലെയും കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനത്തിനുള്ള പ്രധാന റഫറൽ സെന്ററായ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ മലബാറിലെ ആറ് ജില്ലകളിൽ നിന്നും ഊട്ടി, കുടക് എന്നിവിടങ്ങളിൽ നിന്നെല്ലാമായി ദിനം പ്രതി നൂറുകണക്കിന് രോഗികളാണെത്തുന്നത്. സൗകര്യങ്ങളുണ്ടെങ്കിലും ഡോക്ടർമാരുടെ കുറവിനെ തുടർന്ന് ചികിത്സ ലഭിക്കാൻ രണ്ടും മൂന്നും നാലും മണിക്കൂറുകളാണ് ഇവർക്ക് കാത്തിരിക്കേണ്ടി വരുന്നത്. പലപ്പോഴും രാവിലെ വരുന്നവർ ഡോക്ടറെ കണ്ട് തിരിച്ചുപോകുന്നത് രാത്രിയിലാകും. ഗെെനക്കോളജി, പീഡിയാട്രിക്സ് എന്നിവിടങ്ങളിലെല്ലാം ഡോക്ടർമാരുടേയും ജീവനക്കാരുടേയും കുറവുണ്ട്. രോഗികളുടെ ബാഹുല്യമനുസരിച്ച് ആവശ്യത്തിനനുസരിച്ച് തസ്തികകൾ സൃഷ്ടിക്കാതെ പഴയ സ്റ്റാഫ് പാറ്റേൺ ഇപ്പോഴും പിന്തുടരുന്നതും ഒഴിവുകൾ നികത്താത്തതുമാണ് പ്രതിസന്ധി ഇരട്ടിപ്പിക്കുന്നത്. ഡോക്ടർമാർ വിരമിക്കുന്ന തിയതി ആരോഗ്യ വകുപ്പിന് നേരത്തെ അറിയാമെങ്കിലും അതു പ്രകാരം നിയമനം പലപ്പോഴും നടത്താറില്ല. ഇതിനു പുറമെ പകരം നിയമനം നടത്താതെ ഇവിടെയുള്ള ഡോക്ടർമാരെ മറ്റിടങ്ങളിലേക്ക് മാറ്റുകയും ചെയ്യും. ഇതെല്ലാം രോഗികളെ പ്രയാസത്തിലാക്കുന്നുണ്ട്. ഉള്ള ഡോക്ടർമാരും നഴ്സുമാരുമാകട്ടെ തങ്ങൾക്കരികിലെത്തുന്ന കുഞ്ഞുങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ രാവും പകലും ഒരു പോലെ ജോലി ചെയ്യുകയുമാണ്.
സങ്കീർണമാണ് കുട്ടികളുടെ വിഭാഗം
കുട്ടികളുടെ വിഭാഗത്തിൽ സർജറി വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി. രണ്ട് അസി പ്രൊഫസർ, ഏഴ് സീനിയർ റസിഡന്റ്സ് എന്നിവരുടെ ഒഴിവുകളാണ് നികത്താനുള്ളത്. 12 സീനിയർ റസിഡന്റ്സുമാരിൽ അഞ്ചുപേർ മാത്രമാണിവിടെയുള്ളത്. അസി. പ്രൊഫസർ ഏഴുപേർ വേണ്ടിടത്ത് അഞ്ചുപേരും. ഇതോടെ അടിയന്തര ചികിത്സകളും ശസ്ത്രക്രിയകളും കൂടുതൽ സമ്മർദ്ദത്തിലാകുന്ന സ്ഥിതിയാണ്. പീഡിയാട്രിക് വിഭാഗത്തിലും ഡോക്ടറുടെ കുറവുണ്ട്. 15 അസി.പ്രൊഫസർ വേണ്ടിടത്ത് 13 പേരാണുള്ളത്. നാല് അസോസിയേറ്റ് പ്രൊഫസർ വേണ്ടിടത്ത് രണ്ടുപേരും. നവജാത ശിശു പരിചരണത്തിനുള്ള നിർണായക വിഭാഗമായ നിയോണറ്റോളജിയിലും ആവശ്യത്തിന് ഡോക്ടർമാരില്ല. മൂന്ന് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ ആവശ്യമായിടത്ത് രണ്ടുപേർ മാത്രമാണ് നിലവിലുള്ളത്. അതീവ ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുക്കളുടെ ചികിത്സയ്ക്ക് ഇത് വെല്ലുവിളിയാകും. ഗെെനക്കോളജി വിഭാഗത്തിൽ 16 അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവാണുള്ളത്. 28 തസ്തികകളിൽ 12 പേരാണുള്ളത്.
ശിശുരോഗവിഭാഗം ഒ.പിക്കു പുറമേ കുട്ടികൾക്കായി വിവിധ സ്പെഷ്യാലിറ്റി ഒ.പികളും ഇവിടെയുണ്ട്. ശരാശരി 400ലധികം പേരാണ് ശിശുരോഗ വിഭാഗം ഒ.പിയിൽ ചികിത്സ തേടുന്നത്. ഡോക്ടർമാരില്ലാത്തതിനാൽ പലപ്പോഴും കുട്ടികളുടെ ഒ.പി വിഭാഗത്തിലും ചികിത്സയ്ക്കായി ഏറെ സമയം കാത്തിരിക്കേണ്ടി വരാറുണ്ട്.
പണ്ടത്തെ കാലത്തിൽ നിന്നൊരു പാട് മാറി. പുതിയ എല്ലാ ചികിത്സാ സംവിധാനങ്ങളും മോഡേൺ ചികിത്സാ സംവിധാനങ്ങളും ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും മാതൃശിശു സംരക്ഷണ കേന്ദ്രത്തിലുണ്ട്. പക്ഷേ അതിനനുസരിച്ച് കൂടുതൽ ജീവനക്കാരെ നിയമിക്കണം.
- ഡോ. രാജേഷ്
പ്രൊഫസർ, പീഡിയാട്രിക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |