SignIn
Kerala Kaumudi Online
Sunday, 24 May 2026 1.43 AM IST

ട്രെയിനുകൾ പിടിച്ചിടുന്നത് പതിവാകുന്നു: നട്ടംതിരിഞ്ഞ് യാത്രക്കാർ

trn
ട്രെയിനുകൾ പിടിച്ചിടുന്നത് പതിവാകുന്നു

സമയം പുനഃക്രമീകരിക്കണമെന്ന് ആവശ്യം

കോഴിക്കോട്: വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പ്രധാന ട്രെയിനുകൾക്ക് വഴിയൊരുക്കാനായി ചില ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.

ട്രെയിനുകളുടെ സമയക്രമം പുനക്രമീകരിച്ച് യാത്ര സുഗമമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. തിരുവനന്തപുരം - മംഗലാപുരം - വന്ദേഭാരത് എക്‌സ്പ്രസിന് തടസമില്ലാതെ കടന്നുപോകാൻ ആലപ്പുഴ - കണ്ണൂർ എക്സിക്യുട്ടീവ് പിടിച്ചിടുന്നതിനെതിരെ യാത്രക്കാരുടെ പ്രതിഷേധമുയരുകയാണ്. രാത്രി മണിക്കൂറുകളോളം റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഉച്ചയ്ക്ക് ശേഷം 3.50ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി ഒൻപതോടെ തിരൂരിലും 9.33ന് ഫറോക്കിലുമെത്തും. എന്നാൽ ഇവിടെ പിടിച്ചിടുന്നത് വിനയാവുകയാണ്. ഫറോക്കില്‍ നിന്ന് 10 കിലോമീറ്റര്‍ ദൂരമേ കോഴിക്കോട്ടേയ്ക്കുള്ളൂ. എന്നാൽ 50 മിനിറ്റോളം കോഴിക്കോട്ടെത്താൻ എടുക്കും. 10.22നാണ് എക്സിക്യൂട്ടീവ് കോഴിക്കോടെത്തുക. എക്സിക്യുട്ടീവ് ഫറോക്കിലെത്താൻ വെെകിയാൽ വന്ദേഭാരതിനെ കടത്തിവിടാൻ മറ്റ് സ്റ്റേഷനുകളിൽ പിടിച്ചിടും. വന്ദേഭാരത് വെെകിയാൽ അത്രയും സമയം എക്സിക്യുട്ടീവ് പിടിച്ചിടും. അതിനിടെ ജനശതാബ്ദിക്ക് പോകേണ്ട സമയമായാൽ അതിനെയും കടത്തിവിടും. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എക്‌സ്പ്രസ് 8.30ന് ഷൊര്‍ണൂരിലും 9.02ന് തിരൂരിലും 9.32ന് കോഴിക്കോട്ടുമെത്തും. ആലപ്പുഴയില്‍ നിന്ന് കണ്ണൂര്‍ വരെയുള്ള ധാരാളം യാത്രക്കാരുടെ ആശ്രയമായ ഇത് 12.30നാണ് കണ്ണൂരിലെത്തുക. നേരത്തെ 9.20ന് കോഴിക്കോട്ടെത്തി 9.25ന് യാത്ര പുറപ്പെടുമായിരുന്നു. കൊയിലാണ്ടി, പയ്യോളി, വടകര, മാഹി, തലശ്ശേരി തുടങ്ങി കണ്ണൂർ ഭാഗത്തേക്കുള്ള രാത്രിയാത്രക്കാർക്ക് ഈ സമയക്രമം പ്രയോജനപ്പെട്ടിരുന്നു. ചില സ്റ്റേഷനുകളിൽ എക്സിക്യുട്ടീവ് എത്തുന്നതിനനുസരിച്ച് ബസ് സർവീസ് ക്രമീകരിച്ചിരുന്നു. മുൻപ് പത്ത് മണിയോടെ കൊയിലാണ്ടിയിലെത്തിയിരുന്നത് ഇപ്പോൾ ഒരു മണിക്കൂർ വെെകുന്നു.

വേണം പരിഗണന

മലബാറിലെ യാത്രാപ്രശ്നം പരിഹരിക്കാൻ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഷൊർണൂരും പാലക്കാട്ടുമെത്തുന്ന ചില ട്രെയിനുകളെങ്കിലും കോഴിക്കോട്ടേക്ക് നീട്ടുകയും വേണം. ഇതുവഴി തിരക്ക് കുറയ്ക്കാം. മെമു സർവീസിന്റെ കാര്യത്തിലും മലബാറിനോട് റെയിൽവെ അവഗണന കാട്ടുന്നുവെന്നാണ് ആക്ഷേപം. പ്രശ്നങ്ങളിൽ എം.പിമാരുടെ സജീവ ഇടപെടലുമില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL