കൽപ്പറ്റ: വയനാട് ടൗൺഷിപ്പിലെ രണ്ടാംഘട്ട വീടുകളുടെ നിർമ്മാണം മന്ദഗതിയിലെന്ന് ഗുണഭോക്താക്കളുടെ പരാതി. നിർമ്മാണ ഫേസ് വണ്ണിലെ 178 കുടുംബങ്ങൾ മാത്രമാണ് ടൗൺഷിപ്പിൽ താമസമാക്കിയത്. ഫേസ് ടു, ടു എ, ബി പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് എപ്പോൾ താമസമാക്കാൻ കഴിയുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയാണ്. 150 ഓളം വീടുകളുടെ വാർപ്പ് പൂർത്തിയായിട്ടുണ്ടെങ്കിലും മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. സോൺ അഞ്ചിലാണ് കൂടുതൽ വീടുകളുടെ നിർമ്മാണം പൂർത്തിയാകാനുള്ളത്.
മഴ ആരംഭിച്ചു കഴിഞ്ഞു. ഏത് സമയവും ശക്തിപ്പെടാവുന്ന സാഹചര്യമാണ്. ദുരന്തം നടന്ന് രണ്ടുവർഷം തികയാറാകുമ്പോഴും ടൗൺഷിപ്പിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ദുരന്തബാധിതർ പറയുന്നു. രണ്ടാം ഘട്ടത്തിലുള്ള ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് പോലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. രണ്ട് വർഷത്തോളമായി വാടക വീടുകളിലാണ് . വാടകയും മറ്റ് ആനുകൂല്യങ്ങളും സർക്കാർ നൽകുന്നുണ്ടെങ്കിലും എത്രകാലമാണ് ഇങ്ങനെ വാടക വീടുകളിൽ കഴിയുക. കൂടുതൽ തൊഴിലാളികളെ ഉപയോഗപ്പെടുത്തി വീടുകളുടെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. ജില്ലാ കളക്ടറെ കണ്ട് ദുരന്തബാധിതർ പരാതി ഉന്നയിച്ചു. സെപ്തംബറിൽ താമസമാക്കാൻ കഴിയുംവിധം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് കളക്ടർ ഉറപ്പുനൽകിയതായി ഇവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |