കോഴിക്കോട്: മലാപ്പറമ്പ് മുതൽ തൊണ്ടയാട് വരെയുള്ള സർവീസ് റോഡ് വൺവേ ആക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എം.കെ. രാഘവൻ എം.പി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ ദൈനംദിന യാത്രയെയും സ്കൂൾ വാഹനങ്ങൾ, ആംബുലൻസ് തുടങ്ങിയ അടിയന്തര സേവനങ്ങളെയും ഈ വൺവേ പരിഷ്കാരം ഗുരുതരമായി ബാധിക്കുമെന്ന് എം.പി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. സർവീസ് റോഡ് വൺവേ ആക്കുന്നതിലൂടെ വാഹനങ്ങൾ ഇടുങ്ങിയ ഉൾറോഡുകളിലേക്ക് തിരിച്ചുവിടപ്പെടുന്നത് വലിയ ഗതാഗതക്കുരുക്കിനും യാത്രാക്ലേശത്തിനും കാരണമാകുമെന്ന നാട്ടുകാരുടെ ആശങ്ക പോലീസ് അധികൃതരെ ധരിപ്പിച്ചു.
ഈ സാഹചര്യത്തിൽ, പ്രദേശവാസികളുടെ യാത്രാസൗകര്യം മുൻനിർത്തി സർവീസ് റോഡിലൂടെ താത്ക്കാലികമായി ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം നിലനിർത്തണമെന്ന് എം.പി ആവശ്യപ്പെട്ടു. കൂടാതെ, ഈ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരമെന്ന നിലയിൽ പാച്ചാക്കിൽ അണ്ടർപാസും, പനത്തുതാഴത്ത് ഫ്ലൈഓവറും നിർമ്മിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടറോട് നിർദ്ദേശിച്ചു.
വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലുള്ള അനുകൂല നടപടികൾ കൈക്കൊള്ളാമെന്ന് കൂടിക്കാഴ്ചയിൽ ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി എം.കെ. രാഘവൻ എം.പി അറിയിച്ചു. ട്രാഫിക് പരിഷ്കാരങ്ങൾ പ്രദേശവാസികൾക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നാളെ വിപുലമായ യോഗം ചേരുന്നതിനും തീരുമാനമായി. നാഷണൽ ഹൈവേ അതോറിറ്റി പ്രൊജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ, കെ.എം.സി പ്രൊജക്ട് മാനേജർ ദേവരാജ റെഡ്ഡി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |