SignIn
Kerala Kaumudi Online
Friday, 31 July 2026 4.02 AM IST

ദുരന്ത ഓർമ്മയിൽ മുണ്ടക്കൈയും ചൂരൽമലയും, അവന്തിക ബലിയർപ്പിച്ചു, പ്രിയപ്പെട്ടവർക്കായി...

bali
അവന്തിക ബലി തർപ്പണത്തിന് ശേഷം ബലി പിണ്ഡം പുഴയിൽ ഒഴുക്കി മുങ്ങി കരയ്ക്ക് കയറിയപ്പോൾ

മുത്തങ്ങ (വയനാട്) : കുളിച്ച് ഈറനണിഞ്ഞ് ബലിതർപ്പണത്തിനായി പൊൻകുഴി പുഴയോട് ചേർന്ന കടവിൽ നിൽക്കുമ്പോൾ പതിനൊന്നുകാരി അവന്തികയുടെ മനസിൽ അച്ഛൻ പ്രശോഭും അമ്മ വിജയലക്ഷ്മിയും സഹോദരൻ അശ്വിനും മാത്രമായിരുന്നില്ല. ദുരന്തത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ടവർ ഒരുപാട് പേരുണ്ടായിരുന്നു. അവർക്കെല്ലാം ആ കുഞ്ഞുമനസ് പ്രാർത്ഥിച്ചു.

ചൂരൽമല, മുണ്ടക്കൈ ഉരുൾ ദുരന്തത്തിന്റെ രണ്ടാം വാർഷിക ദിനമായ ഇന്നലെ രാവിലെ ഏഴരയോടുകൂടിയാണ് അവന്തിക വനമദ്ധ്യത്തിലെ പൊൻകുഴി ശ്രീരാമ സ്വാമി ക്ഷേത്രത്തിലെത്തിയത്. ചെറിയച്ഛൻ പ്രദീപിന്റെ കൈപിടിച്ച് കർമ്മി ഉരുവിട്ട മന്ത്രങ്ങൾ ഏറ്റുചൊല്ലി അവൾ കർമ്മങ്ങൾ പൂർത്തിയാക്കി. അച്ഛന്റെയും അമ്മയുടെയും ആണ്ടാണെന്ന് പറഞ്ഞപ്പോൾ ബലി തർപ്പണത്തിനായി അവന്തിക തലേന്ന് തന്നെ ഒരുങ്ങി. ഒരിക്കലെടുത്ത ശേഷമാണ് ബലി തർപ്പണത്തിനെത്തിയത്. ചെറിയച്ഛനൊപ്പം കർമ്മങ്ങളിൽ മുഴുകുമ്പോഴും ആ കുഞ്ഞ് മനസ് തേങ്ങുന്നുണ്ടായിരുന്നു. കർമ്മങ്ങൾ പൂർത്തീകരിച്ച് പുഴയിൽ മുങ്ങി ക്ഷേത്ര ദർശനം നടത്തി മോക്ഷപ്രാപ്തിക്കായി പ്രാർത്ഥിച്ചശേഷമാണ് പൊൻകുഴിയിൽ നിന്ന് കൽപ്പറ്റയിലെ താമസ സ്ഥലത്തേയ്ക്ക് മടങ്ങിയത്.

ഇന്നലെ പുത്തുമലയിലെ ഹൃദയഭൂമിയിൽ നടക്കുന്ന സർവമത പ്രാർത്ഥനയിൽ പങ്കെടുക്കാതെ നേരെ വീട്ടിലേക്കാണ് അവൾ പോയത്. രണ്ട് ദിവസം മുമ്പ് പ്രശോഭും ,വിജയലക്ഷ്മിയും അശ്വിനും ഉറങ്ങുന്ന ശ്മശാന ഭൂമിയിലെത്തി അവന്തിക പ്രാർത്ഥന നടത്തിയിരുന്നു.

മുണ്ടക്കൈ പള്ളിയ്ക്ക് സമീപം കനകക്കുന്ന് വീട്ടിലാണ് പ്രശോഭും കുടുംബവും താമസിച്ചിരിന്നത്. ഉരുൾ ദുരന്തത്തിൽ അശ്വിന്റെയും വിജയലക്ഷ്മിയുടെ ജീവനറ്റ ശരീരങ്ങൾ കിട്ടിയെങ്കിലും പ്രശോഭിന്റെ ശരീരാവശിഷ്ടങ്ങൾ ഡി.എൻ.എ പരിശോധനയിലൂടെയാണ് സ്ഥിരികരിച്ചത്. ദുരന്തത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട അവന്തിക എല്ലാവരും നഷ്‌ടപ്പെട്ട വിവരം മൂന്ന് മാസത്തിന് ശേമാണ് അറിയുന്നത്.

അച്ഛനും അമ്മയും ഏക സഹോദരനും നഷ്ടപ്പെട്ട അവന്തികയ്ക്ക് ചെറിയച്ഛൻ പ്രദീപും ഇവരുടെ ഭാര്യ വിനീത, മക്കളായ മീനാക്ഷി, പ്രജ്വുൽ, അദ്വൈദ് , അച്ചച്ചൻ കറുപ്പയ്യ, അച്ചമ്മ ജ്യോതി എന്നിവരാണ് ആശ്രയം. മേപ്പാടിയിലെ വെള്ളാർമല സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL