കോഴിക്കോട്: യുവജനങ്ങൾക്ക് വിവാഹ രജിസ്‌ട്രേഷൻ സംഘടിപ്പിച്ച് ക്ഷേത്രം. വെറും 1500 പേരെ പ്രതീക്ഷിച്ചയിടത്ത് എത്തിയത് അഞ്ചിരട്ടിയിലധികം ആളുകൾ. രജിസ്‌ട്രേഷന് ആളുകൾ കൂടിയതോടെ തൊട്ടടുത്ത് ദേശീയപാതയിലും ജനത്തിരക്കേറി. കോഴിക്കോട് കാരന്തൂർ ഹരഹര മഹാദേവക്ഷേത്രം ഭാരവാഹികൾ സംഘടിപ്പിച്ച വിവാഹ രജിസ്‌ട്രേഷൻ ക്യാമ്പാണ് ജനത്തിരക്കുകൊണ്ട് വാർത്തയായത്.
വിവാഹ രജിസ്‌ട്രേഷൻ നടത്തുന്നതായി ആഴ്‌ചകൾക്ക് മുൻപുതന്നെ ക്ഷേത്രഭാരവാഹികൾ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇതറിഞ്ഞ് തങ്ങളുടെ മക്കൾക്കായി മറ്റ് ജില്ലകളിൽ നിന്നുപോലും ആളുകളെത്തിയതോടെയാണ് സ്ഥലത്ത് വൻ ജനത്തിരക്കായത്. 1500 പേരെ മാത്രമാണ് ക്ഷേത്ര ഭാരവാഹികൾ പ്രതീക്ഷിച്ചത്. എന്നാൽ സൗജന്യ രജിസ്‌ട്രേഷൻ തേടിയെത്തിയവർ ക്ഷേത്രവളപ്പും കടന്ന് ദേശീയപാതയിലെ രണ്ട് ബസ് സ്റ്റോപ്പും കടന്ന്‌നീണ്ടുപോയി. റോഡിൽ ജനത്തിരക്ക് ഏറിയതോടെ പൊലീസിനും ഇടപെടേണ്ടി വന്നു.
രജിസ്‌ട്രേഷൻ ഫോം തീർന്നതോടെ ഫോട്ടോകോപ്പി ഒപ്പിക്കാൻ ക്ഷേത്ര ഭാരവാഹികൾ ഓടിനടക്കേണ്ടിവന്നു. ഒൻപത് മണിമുതൽ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പുലർച്ചെ തന്നെ ആളെത്തിത്തുടങ്ങി. ഇതോടെ ഉച്ചയ്‌ക്ക് ഒരുമണിക്ക് അവസാനിക്കേണ്ട ക്യാമ്പ് തീർന്നത് സന്ധ്യ കഴിഞ്ഞാണ്. രജിസ്‌ട്രർ ചെയ്‌തവരുടെ പട്ടിക തയ്യാറാക്കി അപേക്ഷകർക്ക് കൈമാറുമെന്നാണ് ക്ഷേത്രഭാരവാഹികൾ വ്യക്തമാക്കുന്നത്. അപേക്ഷകരിൽ 80 ശതമാനം പുരുഷന്മാരാണ്. കൂടുതലും 30 വയസിന് മുകളിലുള്ളവർ. യുവതികളിൽ ഏറെയും രണ്ടാം വിവാഹം നോക്കുന്നവരായിരുന്നുവെന്നാണ് വിവരം.
A marriage registration camp organized by Harahara Mahadeva Temple in Karanthur, Kozhikode, attracted more than five times the expected turnout. Although organizers anticipated around 1,500 participants, the huge crowd also caused traffic congestion on the nearby national highway.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |