
താമരശ്ശേരി: ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് ലിമിറ്റഡ് എന്ന സ്ഥാപനം അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സി. ജയചന്ദ്രന്റേതാണ് ഉത്തരവ്. പരിസരത്തെ ജനവാസ മേഖലയിലേക്ക് മലിനജലം ഒഴുക്കുന്നു എന്ന പരാതിയെത്തുടർന്നാണ് ബോർഡ് യൂണിറ്റ് ഉടൻ അടച്ചുപൂട്ടാൻ നിർദ്ദേശിച്ചത്. എന്നാൽ, ഈ ആരോപണം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനി കോടതിയെ സമീപിച്ചിരുന്നു. യൂണിറ്റിൽ നിന്ന് പുറത്തേക്ക് മലിനജലം ഒഴുകുന്നതിന്റെ ലക്ഷണങ്ങളില്ലെന്ന് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ട് ഹർജിക്കാർ കോടതിയിൽ ഹാജരാക്കി. മതിയായ പരിശോധന നടത്താതെയും കാരണം കാണിക്കൽ നോട്ടീസ് നൽകാതെയുമാണ് മലിനീകരണ നിയന്ത്രണ ബോർഡ് നടപടിയെടുത്തതെന്ന് കോടതി നിരീക്ഷിച്ചു.സ്ഥാപനത്തിൽ അടിയന്തര പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനിയർക്ക് കോടതി നിർദ്ദേശം നൽകി. കമ്പനിയിൽ ഇന്ന് സംയുക്ത പരിശോധന നടക്കും. മലിനീകരണ നിയന്ത്രണ ബോർഡും ജില്ലാ കളക്ടറും സ്ഥലത്ത് നേരിട്ടെത്തിയാണ് പരിശോധന നടത്തുക.
കോടതി സ്റ്റേക്ക് ഉത്തരവിട്ട സാഹചര്യത്തിൽ എടവണ്ണ-കൊയിലാണ്ടി ദേശീയപാതയോരത്ത് അമ്പലമുക്കിൽ പന്തൽ കെട്ടി നടത്തുന്ന സമരം ഫ്രഷ് കട്ടിന്റെ അടുത്തേക്ക് മാറ്റി കൂടുതൽ ശക്തമാക്കാനാണ് തീരുമാനമെന്ന് സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ പറഞ്ഞു.
ജനകീയ കർമസമിതിയുടെയും ഇരുതുള്ളി റിവർ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ശക്തമായ രാപ്പകൽ സമരങ്ങളും പ്രതിഷേധങ്ങളും പ്രദേശത്ത് നടന്നു വരികയായിരുന്നു. ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രദേശവാസികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി സംസ്കരണ പ്ലാന്റിന്റ എല്ലാ പ്രവർത്തനങ്ങളും പൂർണമായി നിർത്തിവെച്ച് അടിയന്തരമായി അടച്ചുപൂട്ടണമെന്ന് നിർദേശിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ എസ്. ശ്രീകല ബുധനാഴ്ച ഉത്തരവിട്ടിരുന്നത്. ഇതിന്റ അടിസ്ഥാനത്തിൽ ഉടമകൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് പ്ലാന്റ് അടച്ചുപൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |