കോഴിക്കോട്: ഒറ്റ ആപ്പിൽ റെയിൽവേയുടെ മുഴുവൻ സേവനങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ അവതരിപ്പിച്ച റെയിൽവൺ ആപ്പ് ഇടയ്ക്കിടെ യാത്രക്കാർക്ക് 'പണി'കൊടുക്കുന്നു. അറ്റകുറ്റപ്പണിയുടെ പേരിൽ രാത്രിയിലടക്കം സേവനങ്ങൾ നിർത്തിവയ്ക്കുന്നത് പതിവാകുന്നതോടെ അടിയന്തരയാത്രകൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടവരടക്കം വലിയ ദുരിതത്തിലാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30 മുതൽ പുലർച്ചെ 2.30 വരെ റിസർവ്ഡ് ടിക്കറ്റ് ബുക്കിംഗും മറ്റ് ഉപയോക്തൃ സേവനങ്ങളും നിർത്തിവച്ചത് യാത്രക്കാർക്ക് തിരിച്ചടിയായി. റെയിൽവേ സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുകയെന്ന ലക്ഷ്യത്തോടെ 2025 ജൂലൈ ഒന്നിനാണ് റെയിൽവൺ അവതരിപ്പിച്ചത്.
ഐ.ആർ.സി.ടി.സി റെയിൽ കണക്ട്, മൊബൈൽ യു.ടി.എസ്, എൻ.ടി.ഇ.എസ് തുടങ്ങിയ വിവിധ ആപ്പുകളിലെ സേവനങ്ങൾ ഏകോപിപ്പിച്ചാണ് പുതിയ സംവിധാനം ഒരുക്കിയത്. റിസർവ്ഡ്, അൺറിസർവ്ഡ് ടിക്കറ്റ് ബുക്കിംഗ്, ട്രെയിനിന്റെ തത്സമയ വിവരങ്ങൾ, പി.എൻ.ആർ പരിശോധന, കോച്ച് സ്ഥാനവിവരം, ഭക്ഷണം ഓർഡർ ചെയ്യൽ, പരാതി രജിസ്ട്രേഷൻ, റീഫണ്ട്, ഡിജിലോക്കർ ബന്ധിപ്പിക്കൽ, താമസസൗകര്യ ബുക്കിംഗ് തുടങ്ങിയ സേവനങ്ങൾ ഒറ്റ ആപ്പിൽ ലഭ്യമാക്കുകയാണ് റെയിൽവണ്ണിന്റെ പ്രത്യേകത.
ആർ-വാലറ്റ് വഴി പണമടച്ച് അൺറിസർവ്ഡ് ടിക്കറ്റ് എടുക്കുന്നവർക്ക് മൂന്ന് ശതമാനം വിലക്കിഴിവും ലഭിക്കും. സേവനത്തിന് ലഭിച്ച സ്വീകാര്യതയും വലുതാണ്. 2026 മാർച്ചോടെ റെയിൽവണ്ണിന് 2.57 കോടി ഡൗൺലോഡുകൾ ലഭിച്ചതായാണ് കണക്ക്. പ്രതിദിനം ശരാശരി 7.64 ലക്ഷം ടിക്കറ്റുകൾ ഇതിലൂടെ ബുക്ക് ചെയ്യുന്നുണ്ട്. ഇത്രയേറെ ഉപയോക്താക്കളും ഇടപാടുകളുമുള്ള സംവിധാനമാണ് ഇടയ്ക്കിടെ അറ്റകുറ്റപ്പണിയുടെ പേരിൽ നിർത്തിവയ്ക്കുന്നത്. പ്രത്യേകിച്ച് രാത്രി യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്കും അടിയന്തരമായി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടവർക്കും സേവനം ലഭ്യമാകാത്തത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. മറ്റ് റെയിൽവേ സേവനങ്ങളും ഒരേ സമയം തടസ്സപ്പെടുന്നതിനാൽ യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ പോലും ലഭിക്കാതെ വരുന്ന സാഹചര്യവുമുണ്ട്. ഇത്രയേറെ ഉപയോക്താക്കളും ഇടപാടുകളുമുള്ള സംവിധാനമാണ് ഇടയ്ക്കിടെ അറ്റകുറ്റപ്പണിയുടെ പേരിൽ നിർത്തിവയ്ക്കുന്നത്. വലിയൊരു ഡിജിറ്റൽ സേവനസഞ്ചയമായി റെയിൽ വൺ അവതരിപ്പിച്ചിട്ടും ആവർത്തിച്ച് സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതിൽ യാത്രക്കാർ കടുത്ത അതൃപ്തിയിലാണ്. അറ്റകുറ്റപ്പണികൾ അനിവാര്യമാണെങ്കിൽ പോലും ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ സംവിധാനം ഒരുക്കണമെന്നാണ് യാത്രികരുടെ ആവശ്യം.
"ആഴ്ചകൾക്കുള്ളിൽ പത്തിലധികം തവണ ആപ്പ് പണിമുടക്കി. 'അസൗകര്യത്തിൽ ഖേദിക്കുന്നു' എന്ന ഒറ്റവരി അറിയിപ്പിൽ പ്രശ്നം അവസാനിപ്പിക്കാതെ നേരിടുന്ന തടസ്സങ്ങൾക്ക് ശാശ്വത പരിഹാരം കാണണം.
-അരുൺ.എം.ആർ
ട്രെയിൻ യാത്രക്കാരൻ, കോഴിക്കോട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |