കൽപ്പറ്റ: വയനാട് ടൗൺഷിപ്പിലെ ഏഴ് സെന്റ് ഭൂമിയിൽ വിവിധ പച്ചക്കറികൾ കൃഷി ചെയ്ത് മാതൃകയായി മുണ്ടക്കൈ സ്വദേശി കുരുക്കൾ മൊയ്തീൻകുട്ടി. വീട് ലഭിച്ച് രണ്ടു മാസം കൊണ്ടാണ് മൊയ്തീൻകുട്ടി മികച്ച പച്ചക്കറിത്തോട്ടം ഒരുക്കിയത്. എല്ലാ ദുരന്തബാധിതർക്കും ലഭിച്ചതുപോലെ ഏഴ് സെന്റ് ഭൂമിയും വീടുമാണ് മൊയ്തീൻകുട്ടിക്കും ലഭിച്ചത്. വീട് കഴിഞ്ഞുള്ള സ്ഥലം ഒഴിച്ചിടാൻ മൊയ്തീൻകുട്ടി തയ്യാറായില്ല. ഉള്ള സ്ഥലത്ത് നട്ടുവളർത്താൻ പറ്റുന്ന പച്ചക്കറികളും ഫലവൃക്ഷത്തൈകളുമെല്ലാം നട്ടു.
തക്കാളി, പച്ചമുളക്, ബ്രോക്കോളി, വഴുതന, ഇഞ്ചി, ബീൻസ്, പയർ, തക്കാളി, വഴുതനങ്ങ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും വിളവെടുക്കാൻ തുടങ്ങി.
രണ്ടു മാസം മുൻപ് കൃഷി മന്ത്രി ടി.സിദ്ദിഖ് മാവിൻതൈ നട്ടുകൊണ്ടാണ് മൊയ്തീൻകുട്ടി കൃഷിക്ക് തുടക്കം കുറിച്ചത്. ചുറ്റുമതിലിലും ടെറസിലും വേലിയിലും എല്ലാം വിവിധ പച്ചക്കറികളാണ് നട്ടിട്ടുള്ളത്. ചെണ്ടുമല്ലിയും നിറയെ പൂവിട്ടിട്ടുണ്ട്. പൂക്കൾ വിരിഞ്ഞതോടെ പൂമ്പാറ്റകളും പക്ഷികളും അതിഥികളായി എത്താൻ തുടങ്ങി. മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് മൊയ്തീൻകുട്ടിയും കുടുംബവും താമസിച്ചിരുന്ന വീട് ഉരുൾപൊട്ടലിൽ പൂർണമായും നഷ്ടമായിരുന്നു. അവിടെ ഏഴ് സെന്റ് ഭൂമിയാണ് ഉണ്ടായിരുന്നത്. അവിടെയും മികച്ച രീതിയിൽ കൃഷി ചെയ്തിരുന്നു.
മൊയ്തീൻകുട്ടിയുടെ മാതൃകയിൽ
കാർഷിക പദ്ധതി
കൽപ്പറ്റ: മുണ്ടക്കൈ ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി കൃഷിവകുപ്പ് കാർഷിക പദ്ധതി നടപ്പിലാക്കും. കുരിക്കൾ മൊയ്തീൻകുട്ടിയുടെ കൃഷിയുടെ മാതൃകയും പദ്ധതിക്കായി ഉപയോഗപ്പെടുത്തുമെന്ന് അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടർ ഷഫീഖ് പറഞ്ഞു. മൊയ്തീൻകുട്ടിയുടെ കൃഷിയിടം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസ പദ്ധതി പ്രദേശങ്ങളിൽ പച്ചക്കറി, ഫലവൃക്ഷങ്ങൾ ഉൾപ്പെടെ കൃഷി ചെയ്യുന്നതാണ് പദ്ധതി. വളവും തൈകളും മറ്റു കൃഷിവകുപ്പ് നൽകും. ഉത്പ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾ ടൗൺഷിപ്പിൽ തന്നെ വിറ്റഴിക്കാനുള്ള സംവിധാനങ്ങളും ഒരുക്കും.
#
കൃഷി ചെയ്യാൻ മനസുണ്ടെങ്കിൽ സ്ഥലപരിമിതി ഒരു പ്രശ്നമേയല്ല. മുണ്ടക്കൈയിലെ ഓർമ്മ നിലനിർത്താൻ കൂടിയാണ് കൃഷി ചെയ്യുന്നത്.
കുരുക്കൾ മൊയ്തീൻകുട്ടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |