SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.43 PM IST

കോഴിക്കോടിന്റെ സ്വന്തം അവുക്കുഭായ്

avu
കോഴിക്കോട് അബൂബക്കർ

കോഴിക്കോട് അബൂബക്കർക്ക് അന്ത്യാഞ്ജലി

കോഴിക്കോട്: പാട്ടുകളോട് എന്നും ഒരു പ്രത്യേക അടുപ്പമുള്ള കോഴിക്കോടിന്റെ വീഥികളിൽ മാപ്പിളപ്പാട്ടിന്റെ അലയടികളുയർത്തിയ പ്രതിഭയാണ് കോഴിക്കോട് അബൂബക്കർ അഥവാ അവുക്കുഭായ്. വലിയങ്ങാടിയുടെ തിരക്കുകളിൽനിന്ന് കുറ്റിച്ചിറയിലെ സ്കൂൾ മുറിയിലേക്കും, അവിടെനിന്ന് ബാബുരാജിന്റെ സംഗീതവേദികളിലേക്കും, ഒടുവിൽ മലയാളിയുടെ ഖൽബിലേക്കും നീണ്ട ആ സംഗീതയാത്രയ്ക്കാണ് ഇപ്പോൾ തിരശ്ശീല വീണത്. മലയാളി ഇന്നും പാടുന്ന ‘കരയാനും പറയാനും മനം തുറന്നിരിക്കാനും’ ‘കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനേ…’ തുടങ്ങിയ ഗാനങ്ങൾ കേൾക്കുമ്പോൾ ആ ഈണങ്ങളുടെ പിന്നിൽ നിന്ന മനുഷ്യനെ ഓർത്തെടുക്കാതെ വയ്യ. മാപ്പിളപ്പാട്ടിലൂടെ അബൂബക്കർ സ്വന്തമായൊരു ഈണഭാഷ സൃഷ്ടിച്ചു. ലളിതമായി കേൾക്കാവുന്നതും പെട്ടെന്ന് മനസിൽ പതിയുന്നതുമായ ആ ഈണങ്ങൾ മലബാറിനപ്പുറം പ്രവാസലോകത്തേക്കും സഞ്ചരിച്ചു. ഗാനരചയിതാവ് ബാപ്പു വെള്ളിപറമ്പും അബൂബക്കറും ചേർന്ന കൂട്ടുകെട്ട് മാപ്പിളപ്പാട്ടിലെ ശ്രദ്ധേയമായ അദ്ധ്യായമായി. ‘മണിമങ്ക’, ‘കുഞ്ഞാറ്റക്കിളി’, ‘ആനന്ദക്കണ്ണീർ’, ‘മനസിൻ മുറാദുകൾ’, ‘ഖൽബിലെ കിനാവ്’, ‘മദനപ്പൂ’, ‘കല്ലായിലൊരു മഴവില്ല്’, ‘പൊന്നാങ്ങള’, ‘താലോലം’ തുടങ്ങിയ ആൽബങ്ങളിലൂടെ ആ ഈണങ്ങൾ വീടുകളിലും പ്രവാസി മലയാളികളുടെ മനസിലും ഇടംപിടിച്ചു.

പാട്ടുകളറിയാം, പാട്ടുകാരനെ അറിയില്ല

ഇന്ന് മാപ്പിളപ്പാട്ട് വേദികളിലും റിയാലിറ്റി ഷോകളിലും സാമൂഹികമാദ്ധ്യമങ്ങളിലുമൊക്കെ അദ്ദേഹത്തിന്റെ പാട്ടുകൾ പുതിയ തലമുറ പാടുന്നെങ്കിലും പലർക്കും അത് കോഴിക്കോട് അബൂബക്കറിന്റെ ഈണങ്ങളാണെന്ന് അറിയില്ല. സ്വന്തം ഈണങ്ങളുടെ പൂർണമായൊരു പട്ടിക പോലും അബൂബക്കറിന്റെ കൈവശമുണ്ടായിരുന്നില്ല. പാട്ടുകളുടെ എണ്ണം സൂക്ഷിക്കുന്നതിനേക്കാൾ അവ ജനമനസിൽ ഇടംപിടിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. സംഗീതകാരന്റെ അവസാനകാലം പക്ഷേ അത്ര ശബ്ദമുഖരിതമായിരുന്നില്ല. സ്ട്രോക്ക് ബാധിച്ച് രണ്ടുമാസത്തോളം ചികിത്സയിലായിരുന്ന അബൂബക്കർക്ക് അവസാന നാളുകളിൽ കുടുംബവും പ്രിയശിഷ്യരും മാത്രമായിരുന്നു കൂട്ട്. എങ്കിലും സംഗീതം കൈവിട്ടില്ല. കിടപ്പിലാകുന്നതിന് രണ്ട് ദിവസം മുൻപും വീടിന്റെ ഉമ്മറത്തിരുന്ന് പുതിയൊരു പാട്ടിന് ഈണമിടുന്ന തിരക്കിലായിരുന്നു അവുക്ക. ശരീരം തളർന്നപ്പോഴും മനസിൽ പുതിയ പാട്ടുകൾ പിറന്നുകൊണ്ടിരുന്നു. പൂർത്തിയാക്കാൻ കഴിയാതെ പോയ ഈണങ്ങളും ബാക്കിവച്ചാണ് അദ്ദേഹത്തിന്റെ യാത്ര.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL