
കോഴിക്കോട്: 2031ലെ കോഴിക്കോടിന്റെ വികസന മാതൃക മുന്നിൽകണ്ട് സമഗ്രപദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തുറമുഖ വികസനം, ലൈറ്റ് മെട്രോ, ക്രൂയിസ് ടെർമിനൽ, ഐ.ടി–ടൂറിസം മേഖലകളുടെ വളർച്ച, വിദ്യാഭ്യാസ ഹബ് തുടങ്ങിയ പദ്ധതികളിലൂടെ കോഴിക്കോടിനെ പുതിയ വികസന പാതയിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് അഡ്വ. വി.കെ. ഫൈസൽ ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഫ്യൂച്ചർ കാലിക്കറ്റ് 360’ വികസന കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ പ്രയോജനരഹിതമായ വിഷയങ്ങളാണ് പലപ്പോഴും ചർച്ചയാകുന്നതെന്നും അതിൽനിന്ന് വ്യത്യസ്തമായി കോഴിക്കോടിന്റെ ഭാവിയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്കാണ് ‘ഫ്യൂച്ചർ കാലിക്കറ്റ് 360’ തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖ നഗരമാകും
മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി കോഴിക്കോടിനെ പ്രധാന തുറമുഖ നഗരമായി വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജില്ലയിലെ തുറമുഖങ്ങളുടെ സമഗ്ര വികസനത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. തുറമുഖങ്ങളെ കേന്ദ്രീകരിച്ച് ലോജിസ്റ്റിക്സ്, കണ്ടെയ്നർ ഫെസിലിറ്റേഷൻ സെന്റർ, ട്രാൻഷിപ്പ്മെന്റ് തുടങ്ങിയ പദ്ധതികൾ ആരംഭിക്കുന്നതോടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ വികസനം നഗരത്തിന്റെ സമഗ്ര വികസനത്തിനും വഴിയൊരുക്കും. ആവശ്യമായ സ്ഥലം ലഭ്യമാകുന്ന പക്ഷം കോഴിക്കോട്ട് ക്രൂയിസ് ടെർമിനൽ യാഥാർത്ഥ്യമാക്കാനുള്ള സാദ്ധ്യതയും പരിശോധിക്കും. ക്രൂയിസ് ഷിപ്പിംഗ് ആരംഭിക്കുന്നതോടെ റോഡ് ഗതാഗതത്തിലെ തിരക്ക് കുറയ്ക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വേഗതയേറും, ലൈറ്റ് മെട്രോയ്ക്ക്
കോഴിക്കോട്ടെ ലൈറ്റ് മെട്രോ പദ്ധതിയും വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകും. പദ്ധതിയുമായി ബന്ധപ്പെട്ട പഠനങ്ങൾ പുരോഗമിക്കുകയാണ്. പഠനങ്ങൾ പൂർത്തിയായാൽ തുടർനടപടികളിൽ കാലതാമസം വരുത്താതെ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
എം.ടി കൾച്ചറൽ പാർക്കിന് അന്താരാഷ്ട്ര നിലവാരം
എം.ടി. കൾച്ചറൽ പാർക്കിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കും . തിയറ്ററുകൾ, ആർട്ട് എക്സിബിഷൻ ഗ്യാലറികൾ, തനത് കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനുള്ള വേദികൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ തുടങ്ങിയവ ഇതോടനുബന്ധിച്ചുണ്ടാകും. കോഴിക്കോടിന്റെ പൈതൃകവും സാംസ്കാരിക പ്രത്യേകതകളും അവതരിപ്പിക്കുന്ന പ്രധാന കേന്ദ്രമായി പാർക്കിനെ മാറ്റും. ഇതിനായുള്ള പ്രവർത്തനങ്ങൾ മൂന്ന് മാസത്തിനകം ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഐ.ടി. പാർക്കും ടൂറിസം മേഖലയുമെന്നതിലുപരി കോഴിക്കോടിനെ വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റാനും പദ്ധതിയുണ്ട്. കൃഷി മന്ത്രി ടി. സിദ്ദിഖ്, എം.കെ. രാഘവൻ എം.പി., എം.എൽ.എമാരായ വി.കെ. ഫൈസൽ ബാബു, കെ. ജയന്ത്, കെ. പ്രവീൺ കുമാർ, മുൻ മന്ത്രി എം.കെ. മുനീർ, നടൻ ജോയ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |