@നികുതിയിനത്തിൽ കോഴിക്കോട് കോർപ്പറേഷന് നൽകാനുള്ളത് ലക്ഷങ്ങൾ
കോഴിക്കോട്: കട്ടിപ്പാറയിലെ കോഴിയറവ് മാലിന്യ സംസ്കരണ ഫാക്ടറി, ഫ്രഷ് കട്ട് നികുതിയിനത്തിൽ കോഴിക്കോട് കോർപ്പറേഷന് നൽകാനുള്ളത് ലക്ഷങ്ങളെന്ന് വിവരാവകാശ രേഖ. പൊതു പ്രവർത്തകൻ സുബൈർ വെഴുപ്പൂരാണ് രേഖ പുറത്തുവിട്ടത്.
കോഴിമാലിന്യ സംസ്‌കരണ മേഖലയിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ഏക യൂണിറ്റാണിത്. കോഴി മാലിന്യം ശേഖരിക്കാനായി കോഴിക്കോട് കോർപ്പറേഷനും ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കമ്പനിക്ക് നിലവിൽ കരാറുകളുണ്ട്. ഇറച്ചിക്കടകളിൽ നിന്നും ഒരു കിലോ കോഴിമാലിന്യം ഏഴ് രൂപ നിരക്കിലാണ് ശേഖരിക്കുന്നത്. ഇതിൽ നിന്നും 30 പൈസ വീതം തദ്ദേശ സ്ഥാപനങ്ങൾക്ക് റോയൽറ്റി തുകയായി അടയ്ക്കണമെന്നാണ് വ്യവസ്ഥ. ഇത് പാലിച്ചിട്ടില്ല. കഴിഞ്ഞ ഏഴ് വർഷത്തിനിടെ വെറും 19 മാസത്തെ കണക്ക് മാത്രമാണ് കമ്പനി കോർപ്പറേഷന് നൽകിയത്. ഈ ചുരുങ്ങിയ കാലയളവിൽ മാത്രം ഏകദേശം 42 ലക്ഷത്തോളം രൂപയാണ് കോർപ്പറേഷന് നൽകാനുള്ളത്.
ദിവസം 30 ടൺ കോഴി മാലിന്യം സംസ്‌കരിക്കാൻ അനുമതിയുള്ള കമ്പനിയിൽ പ്രതിദിനം 300 ടണ്ണിലധികം മാലിന്യമാണ് സംസ്‌കരിച്ചിരുന്നത്.
ഫാക്ടറിക്കെതിരെ സമരസമിതി നടത്തിയ നിരന്തര സമരം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കമ്പനി പ്രതിനിധികളുമായി പി.കെ ഫിറോസ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഫാക്ടറി, ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 31നകം മാറ്റി സ്ഥാപിക്കാമെന്നാണ് ധാരണ.
നോട്ടീസയച്ചിട്ടും ഫലമില്ല
കുടിശ്ശികയടയ്ക്കാൻ ആവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ നിരന്തരം നോട്ടീസയച്ചിട്ടും പകുതിയേ അടച്ചുള്ളൂ. ബാക്കി കുടിശ്ശികയാണ്. കരാർ ലംഘിച്ച ഫ്രഷ് കട്ടിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കോർപ്പറേഷൻ ജില്ലാ ഭരണകൂടത്തിന് കത്തയച്ചു. ഇതിന്മേലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. കുറ്റക്കാർക്ക് കുടപിടിക്കുന്ന രീതിയിലാണിതെന്ന് പൊതുപ്രവർത്തകർ ആരോപിക്കുന്നു.
കോഴിക്കോട് കോർപ്പറേഷനിൽ അടയ്ക്കേണ്ട തുക
2023 ഒക്ടോബർ വരെ.... 41,53,867
അടച്ചത്....22,26,657
മാർച്ച് 31 വരെ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ പ്രവർത്തിക്കാമെന്നാണ് ധാരണയെങ്കിലും ഇപ്പോഴും അസഹ്യമായ ദുർഗന്ധമുണ്ട്. ഏതാനും മാസങ്ങൾ കൂടി കഴിഞ്ഞാൽ കമ്പനി മാറ്റുമെന്നതിനാൽ ജനങ്ങൾ സഹിക്കുകയാണ്.
-ബാബു കുടുക്കിൽ
ചെയർമാൻ, സമരസമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |