കോഴിക്കോട്: സാഹിത്യ മഹാരഥൻമാരിലൂടെ പ്രശസ്തിയുടെ കൊടുമുടികയറിയ കോഴിക്കോടിന് യുനെസ്‌കോ സാഹിത്യ നഗര പദവി നിലനിറുത്താനാവുമോ എന്നതിൽ ആശങ്ക. സാഹിത്യ നഗരം പ്രൊജക്ടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യമായൊന്നും നടക്കാത്തതാണ് പ്രശ്‌നം. അടുത്ത കൊല്ലമാണ് പദ്ധതി പുതുക്കേണ്ടത്. 2024 ജൂൺ 23ന് അന്നത്തെ തദ്ദേശമന്ത്രി എം.ബി രാജേഷാണ് പ്രഖ്യാപിച്ചത്. സാഹിത്യ, സാംസ്‌കാരിക പ്രവർത്തന ങ്ങൾക്കായി ബ്രാൻഡിംഗ് നടത്തുക, സ്ത്രീകളുടെയും കുട്ടികളുടെയും സാഹിത്യാഭിരുചി വളർത്തുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ. ബേപ്പൂർ മുതൽ തിരൂർ തുഞ്ചൻപറമ്പ് വരെ സാംസ്‌കാരിക ഇടനാഴി സ്ഥാപിക്കുന്നതും ലക്ഷ്യമായിരുന്നു. വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ വായനാപരിപാടികൾ നടന്നതല്ലാതെ മറ്റ് കാര്യമായ പ്രവർത്തനങ്ങളുണ്ടായില്ല. എല്ലാ വർഷവും ജൂൺ 23ന് സാഹിത്യനഗരദിനമായി ആഘോഷിക്കുന്നതും വാഗ്ദാനത്തിലൊതുങ്ങി.
ആനക്കുളം സാംസ്‌കാരികനിലയത്തിൽ ഓഫീസ് തുടങ്ങി. നോഡൽ ഓഫീസറും മറ്റു താത്കാലിക ജീവനക്കാരുമുണ്ടായിരുന്നു. 2024 ജൂലായ് രണ്ടിന് ബ്രാഗോ നഗരത്തിൽ നടന്ന യുനെസ്‌കോ സർഗാത്മക നഗരശൃംഖലയുടെ സമ്മേളനത്തിൽ അന്നത്തെ മേയർ ഡോ.ബീനാഫിലിപ്പും കോർപ്പറേഷൻ സെക്രട്ടറി കെ.യു ബിനിയും പങ്കെടുത്തിരുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷന്റെ (കില) നേതൃതത്വത്തിലാണ് ഇപ്പോൾ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത്. കോർപ്പറേഷന്റെ നിയന്ത്രണത്തിൽ നോഡൽ ഓഫീസർ ഉണ്ടെങ്കിലും കിലയിലെ ഉദ്യോഗസ്ഥർ ഇവരുമായി സഹകരിക്കുന്നില്ലെന്നാണ് പറയുന്നത്.
നഗരത്തിൽ വായനാ കോർണർ തുടങ്ങിയെങ്കിലും ഇപ്പോൾ അത് ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ്. ജില്ലാ കളക്ടറും ജില്ലാ പഞ്ചായത്തും സഹകരിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നത്.
വിനയായി ഫണ്ട് ക്ഷാമവും
നോഡൽ ഓഫീസറെ മറ്റൊരു തസ്തികയിലേക്ക് മാറ്റി. താത്കാലിക ജീവനക്കാരുടെ സേവനവും അവസാനിപ്പിച്ചു. അതോടെ ആനക്കുളത്തെ നോഡൽ ഓഫീസ് ഇല്ലാതായി. ഫണ്ട് ക്ഷാമവും സാഹിത്യ നഗരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് വിവരം. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം സർക്കാർ വെട്ടിക്കുറച്ചു. അത്യാവശ്യ വികസനപ്രവർത്തനങ്ങൾക്ക് പോലും ഫണ്ട് ഇല്ല.
യുനെസ്കോ സാഹിത്യ നഗരം
പ്രഖ്യാപന സാദ്ധ്യത തെളിഞ്ഞത്...2023ൽ
പ്രഖ്യാപിച്ചത്.... 2024 ജൂൺ 23ന്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |