കോഴിക്കോട്: തുലാവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയിൽ മഴ കനത്തു. നഗരത്തിലും മലയോര മേഖലകളിലും ഇടവിട്ട് കനത്ത മഴ പെയ്തതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. റോഡുകളിലും ഇടറോഡുകളിലും വെള്ളം കയറിയതോടെ പലയിടത്തും ഗതാഗതം ദുഷ്കരമായി. നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരം, പുതിയ സ്റ്റാൻഡ്, ആദായനികുതി ഓഫീസ് പരിസരം, രാജാജി റോഡ്, ബീച്ച്, വലിയങ്ങാടി, മാവൂർ റോഡ്, ഇൻഡോർ സ്റ്റേഡിയ പരിസരം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനുള്ളിലും വെള്ളം തളംകെട്ടിയതോടെ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഏറെ പ്രയാസപ്പെട്ടു. തെന്നിവീഴുമെന്ന ഭീതിയോടെയാണ് പലരും വെള്ളത്തിലൂടെ കടന്നുപോയത്. ബീച്ച് ഫുഡ് സ്ട്രീറ്റിലെ വെള്ളക്കെട്ടും ജനങ്ങളെ ദുരിതത്തിലാക്കി. അഴുക്കുവെള്ളത്തിലൂടെ ചവിട്ടിയാണ് പലരും ഇവിടേക്ക് എത്തിയത്. മഴ ശക്തമായതോടെ കഴിഞ്ഞ രാത്രിയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗതം തടസപ്പെട്ടു. മലയോര മേഖലകളിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. രാത്രിയിൽ ഇടറോഡുകളിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |