കോഴിക്കോട്: കോഴിക്കോടിന്റെ ചരിത്രത്തിൽ പ്രധാന പങ്കുള്ള മിഠായിത്തെരുവിന്റെ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികൾ പലതും പ്രഖ്യാപനത്തിലൊതുങ്ങി. ഞായറാഴ്ചകൾ ഉൾപ്പെടെ വലിയ തിരക്കാണ് മിഠായിത്തെരുവിലുണ്ടാവുക. ജനങ്ങൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ല. ബഷീർ റോഡിൽ ഇരുചക്ര വാഹനങ്ങൾക്കുള്ള പാർക്കിംഗ് ഇടം തിരക്കുള്ളപ്പോൾ തീരെ അപര്യാപ്തമാണ്. ഓട്ടോ പാർക്കിംഗുമുള്ളതിനാൽ നിന്നു തിരിയാൻ ഇടമില്ല. ധർണയും സമരങ്ങളും ഗതാഗത നിയന്ത്രണവുമുണ്ടാകുമ്പോൾ മിഠായിത്തെരുവിൽ നിന്ന് ഓട്ടോയും കിട്ടില്ല. ചെറിയ ഓട്ടത്തിന് പലരും പോവുകയുമില്ല. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ മിഠായിത്തെരുവിൽ പാർക്കിംഗ് പ്ളാസ നിർമ്മിക്കുമെന്ന് കോർപ്പറേഷൻ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. ഇവിടെയുള്ള സത്രം ബിൽഡിംഗ് പൊളിച്ച് സ്ഥലം കണ്ടെത്തിയെങ്കിലും സർക്കാർ അനുമതി ലഭിക്കാത്തതാണ് പ്രശ്നമെന്നാണ് വിവരം. 2019ൽ ടെൻഡർ ക്ഷണിച്ച പദ്ധതിയാണ് ഏഴ് വർഷമായിട്ടും നടപടിക്രമങ്ങൾ പൂർത്തിയാകാതെ ഫയലി ലുറങ്ങുന്നത്. 2022ലാണ് പാർക്കിംഗ് പ്ലാസ നിർമ്മിക്കുന്നതിനായി ബിൽഡിംഗ് പൊളിച്ചത്. 2023 ആഗസ്റ്റിൽ പാർക്കിംഗ് പ്ലാസയുടെ തറക്കല്ലിടുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോഴിതിൽ വ്യക്തതയില്ല. നിലവിൽ ഈ സ്ഥലത്ത് കെട്ടിടം പൊളിച്ചതിന്റെ മാലിന്യങ്ങളും വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിംഗുമാണുള്ളത്. മൾട്ടി ലെവൽ പാർക്കിംഗ് പ്ലാസ, കംഫർട്ട് സ്റ്റേഷൻ, ഫീഡിംഗ് സ്റ്റേഷൻ, മേൽക്കൂര തുടങ്ങി പ്രഖ്യാപനങ്ങളൊന്നും യാഥാർത്ഥ്യമായില്ല. ഏതാനും അലങ്കാര വിളക്കുകൾ മാത്രമേയുള്ളൂ. ഇവയിൽ പലതും കത്തുന്നുമില്ല. ചിലയിടങ്ങളിൽ മാലിന്യ ചാക്കുകൾ കൂട്ടിയിട്ടിരിക്കുന്നതും കാണാം. വിശ്രമത്തിന് ഒരുക്കിയ സൗകര്യം അപര്യാപ്തമാണ്. എസ്.കെ പൊറ്റക്കാടിന്റെ പ്രതിമക്ക് ചുറ്റുമുള്ള പടവുകളിലാണ് പതിവായി സന്ദർശകർ ഇരിക്കാറുള്ളത്.
ഒന്നും ശരിയായില്ല
കോർപ്പറേഷനിൽ പുതിയ ഭരണസമിതി വന്നതിനെ തുടർന്ന് മിഠായിത്തെരുവിന്റെ വികസനവുമായി ബന്ധപ്പെട്ട് ആസൂത്രണം നടക്കുകയാണെന്ന് അധികൃതർ പറഞ്ഞിരുന്നു. യൂറോപ്യൻ മാതൃകയിലുള്ള ഹെറിറ്റേജ് സ്ട്രീറ്റായി മിഠായിത്തെരുവിനെ മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. വർഷങ്ങൾ പിന്നിട്ടിട്ടും നടപ്പായില്ല. നടപ്പാതയ്ക്കു മുകളിൽ മേൽക്കൂര ഒരുക്കുമെന്ന പ്രഖ്യാപനവും പിന്നീട് തീപ്പിടിത്ത സാദ്ധ്യത ചൂണ്ടിക്കാട്ടി ഉപേക്ഷിച്ചു. ഇവിടെയെത്തുന്നവർക്ക് മഴയും വെയിലും കൊള്ളേണ്ട സ്ഥിതിയാണ്. നഗരത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യകേന്ദ്രങ്ങളിലൊന്നായ മിഠായിത്തെരുവിന് വലിയ ആശ്വാസമാകേണ്ട പദ്ധതികളാണ് പ്രഖ്യാപനങ്ങളിലൊതുങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |